ഐ.സി.സി ടി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്‌ലിയുടെയും സൂര്യകുമാറിന്റെയും മികച്ച കൂട്ടുകെട്ടാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്.
പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം വിജയത്തിനടിസ്ഥാനമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വിരാട് രണ്ടാം മത്സരത്തില്‍ സൂര്യകുമാറിനെ കൂട്ടുപിടിച്ചാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്.
95 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇരുവരുടെയും മികച്ച പാര്‍ട്‌നര്‍ഷിപ്പ് തന്നെയാണ് ഇന്ത്യയെ 179 റണ്‍സിലെത്തിച്ചതും. മത്സരത്തില്‍ വിരാട് 44 പന്തില്‍ നിന്നും 62 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ നിന്നും 51 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.
മത്സരത്തില്‍ വിജയിച്ച ശേഷം വിരാട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും സ്‌കൈ അതിന് നല്‍കിയ കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൂര്യകുമാറിനെയും വിരാടിനെയും ഒരുമിച്ച് കുറിക്കുന്ന ‘സുര്‍വിര്‍’ (SurVir) എന്ന വാക്കും ഇമോജികളുമാണ് താരം കമന്റ് ചെയ്തത്. സൂര്യകുമാറിന്റെ കമന്റിന് വിരാട് റിപ്ലേ നല്‍കിയിട്ടുമുണ്ട്.
ഗ്രൗണ്ടിലെ ഇരുവരുടെയും കെമിസ്ട്രി പോലെ തന്നെ ഇവരുടെ ബ്രോമാന്‍സും സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നുണ്ട്. ഇതിന് പുറമെ വിരാടിനെയും അനുഷ്‌കയെയും ഒരുമിച്ച് കുറിക്കുന്ന ‘വിരുഷ്‌ക’ എന്ന വാക്കുപോലെ പുതിയ വാക്ക് കിട്ടിയതിന്റെ ആവേശത്തിലാണ് മറ്റ് ചിലര്‍.
വിരാടിനൊപ്പം കളിക്കുമ്പോള്‍ താന്‍ ഏറെ ആസ്വദിച്ചാണ് കളിക്കുന്നതെന്നും തനിക്ക് വേണ്ടി നിര്‍ദേശങ്ങള്‍ വിരാട് നല്‍കാറുണ്ടെന്നും സൂര്യകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
‘മറുവശത്ത് വിരാട് ഉള്ളപ്പോള്‍ ഞാന്‍ ഏറെ കംഫര്‍ട്ടബിളായാണ് ബാറ്റ് ചെയ്യുന്നത്. ഗ്രൗണ്ടില്‍ എനിക്ക് പൂര്‍ണമായ സ്വാതന്ത്ര്യം അദ്ദേഹം നല്‍കുന്നുണ്ട്. എപ്പോഴെങ്കിലും എനിക്ക് പിഴക്കുമ്പോള്‍ വേണ്ട നിര്‍ദേശങ്ങളും അദ്ദേഹം നല്‍കുന്നു,’ സൂര്യകുമാര്‍ പറയുന്നു.
‘എന്താണ് ചെയ്യേണ്ടതെന്ന് സ്‌കൈക്ക് വ്യക്തമായി അറിയാം. കേവലം മൂന്ന് പന്തില്‍ തന്നെ അവന്‍ വിക്കറ്റിന്റെ സ്വഭാവം മനസിലാക്കുന്നു. എന്റെ തെറ്റുകള്‍ എന്നോട് തുറന്ന് പറയാന്‍ അവന്‍ ഒരിക്കലും മടിക്കാറില്ല,’ വിരാട് പറയുന്നു.
ഒക്ടോബര്‍ 30നാണ് ഇന്ത്യയുടെ മത്സരം. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.