ലുധിയാന:പഞ്ചാബ് കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടിപ്പോര് തുടരുന്നതിനിടെ പുതിയ പ്രശ്‌നം സൃഷ്ടിച്ച് ആള്‍മാറാട്ട സംഘം. തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പേരിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇ സംഘം തട്ടിപ്പ് നടത്തുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് സീറ്റ് നല്‍കാമെന്നും അനുകൂലമായ സര്‍വേ ഫലം ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുമാണ് പ്രശാന്ത് കിഷോറിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്.
സംഭവത്തില്‍ തിരിച്ചറിയാത്ത ആള്‍ക്കാര്‍ക്കെതിരെ ലുധിയാന പൊലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ പരസ്യമായി വിമര്‍ശിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കളെ ആള്‍മാറാട്ട സംഘം ഫോണ്‍ ചെയ്തത്.
കോണ്‍ഗ്രസുകാരില്‍ നിന്ന് അഞ്ചുകോടിയെങ്കിലും തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എം.എല്‍.എ കുല്‍ദേവ് സിംഗിനെ പറ്റിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘത്തെ പൊലീസ് പിടികൂടിയിട്ടുണ്ട്.
തനിക്ക് അനുകൂലമായി ഒരു സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആള്‍മാറാട്ടക്കാരന്‍ പാരിതോഷികം ആവശ്യപ്പെട്ടപ്പോള്‍ കുല്‍ദേവിന് സംശയം തോന്നുകയായിരുന്നു.
സംഭവത്തില്‍ ചൂതാട്ടക്കാരനായ ഗൗരവ് ശര്‍മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും ലക്ഷങ്ങള്‍ പന്തയം വെക്കുന്ന ചൂതാട്ടക്കാരനാണ് അറസ്റ്റിലായ ഗൗരവ് ശര്‍മ്മ. കിഷോറിന്റെ ഷോ ടിവിയില്‍ കണ്ടതിനുശേഷം അദ്ദേഹത്തെ പോലെ സംസാരിക്കുന്ന രീതി ശര്‍മ്മ പഠിച്ചെടുക്കുകയായിരുന്നു. പഞ്ചാബില്‍ നിന്ന് മാത്രമല്ല, ബീഹാര്‍, രാജസ്ഥാന്‍, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള നേതാക്കളെയും ശര്‍മ പറ്റിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കകത്ത് ഉള്‍പ്പാര്‍ട്ടി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഉണ്ടായ പുതിയ പ്രശ്‌നം വലിയ തലവേദനയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
അമരീന്ദര്‍ സിംഗിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. അമരീന്ദറിന്റെ നേതൃത്വത്തില്‍ അടുത്ത തവണ പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
സഖ്യമില്ലാതെ തന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ബി.ജെ.പി.- അകാലിദള്‍ കൂട്ടുകെട്ടിന്റെ 10 വര്‍ഷത്തെ ഭരണം തകര്‍ത്താണ് അമരീന്ദറിന്റെ നേതൃത്വത്തില്‍ 2017 ല്‍ പഞ്ചാബില്‍ അധികാരം നേടുന്നത്.
നിലവില്‍ പാര്‍ട്ടിക്കുള്ളിലെ പോര് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
മറ്റുള്ള പാര്‍ട്ടിയുമായി താന്‍ ഒരു മീറ്റിംഗ് എങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നാണ് നവ്ജോത് ,അമരീന്ദര്‍ സിംഗിനെ വെല്ലുവിളിച്ചത്. ഈ നിമിഷം വരെയും ഒരു സ്ഥാനത്തിനുവേണ്ടിയും താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെട്ടിട്ടുണ്ടെന്നും കാത്തിരുന്നു കാണാമെന്നും സിദ്ദു പറഞ്ഞിരുന്നു.
സിദ്ദുവിന് എടുത്തുചാട്ടമാണെന്നും അദ്ദേഹം ആം ആദ്മിയിലേക്ക് പോകുമെന്നുമായിരുന്നു അമരീന്ദര്‍ സിംഗ് പറഞ്ഞത്.