ന്യൂദല്‍ഹി: ഇന്ത്യക്കാരില്‍ കൂടുതലും ശുദ്ധ വെജിറ്റേറിയന്‍മാരാണെന്നത് മിഥ്യാ ധാരണയെന്ന് സര്‍ഫേ ഫലങ്ങള്‍. രാജ്യത്തെ 70 ശതമാനം ജനങ്ങളും മാംസാഹാരം കഴിക്കുന്നവരാണെന്നാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസും സെന്‍സസ് കമ്മീഷണറും ചേര്‍ന്ന് നടത്തിയ സര്‍വേ പറയുന്നത്.
ഇന്ത്യയെ പൊതുവെ സംസ്യാഹാരം കഴിക്കുന്നവരായാണ് വിദേശ രാജ്യങ്ങള്‍ കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനായി അധികാരികള്‍ ഒരുക്കിയിരുന്നത് ഗുജറാത്തിലെ ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു. മോദിയോടൊപ്പം സംഘത്തിലുണ്ടായിരുന്ന വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രധാന മന്ത്രിക്കായി ഒരുക്കിയ വിഭവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് മെക്‌സിക്കോ സന്ദര്‍ശിച്ച മോദിയെ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വ പെന സ്വീകരിച്ചതും വെജിറ്റേറിയന്‍ റസ്റ്റോറന്റില്‍ ഡിന്നര്‍ നല്‍കിയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യ വെജിറ്റേറിയന്‍ ഭക്ഷണ രീതി പിന്തുടരുന്നവരാണെന്ന മിഥ്യാധാരണ മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് രാജ്യത്ത് 70 ശതമാനത്തിലധികം ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നവരാണെന്നാണ്. 2014 പുറത്തിറങ്ങിയ സാംപിള്‍ രജിസ്‌ട്രേഷന്‍ സര്‍വേ (എസ്.ആര്‍.എസ്) പ്രകാരം 15 വയസിനു മുകളിലുള്ള 71 ശതമാനം ജനങ്ങളും മാംസഭുക്കുകളാണെന്നതാണ്. ഇത് 2004ല്‍ 75 ശതമാനത്തിലധികമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
സസ്യാഹാരം കഴിക്കുന്നവരില്‍ മുന്നില്‍ രാജസ്ഥാനാണ് 73.2 ശതമാനം പുരുഷന്മാരും 76.6 ശതമാനം സ്ത്രീകളുമാണ് ഇവിടെ സസ്യാഹാരം കഴിക്കുന്നത്.