ന്യൂദല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ബുധനാഴ്ച അഞ്ച് മണി വരെ സര്‍വേ നടത്തരുതെന്നാണ് ഉത്തരവ്.
സര്‍വേ നടത്താമെന്ന് വാരണാസി ജില്ലാ കോടതി കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. അതിനെതിരെ ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയായ അഞ്ജുമാന്‍ ഇന്‍സാമിയ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.
വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും മസ്ജിദ് കമ്മിറ്റിയോട് കോടതി നിര്‍ദേശിച്ചു. മസ്ജിദില്‍ നടക്കുന്ന സര്‍വേയില്‍ വ്യക്തത വേണമെന്നും ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
അതേസമയം മസ്ജിദില്‍ ഒരാഴ്ചത്തേക്ക് ഖനനം നടക്കില്ലെന്നും, മറ്റ് പരിശോധനകളാണ് നടക്കുന്നതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ജില്ലാ കോടതി സര്‍വേക്ക് വേണ്ടി ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും അതുകൊണ്ട് തന്നെ മസ്ജിദ് കമ്മിറ്റിക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹുസേഫ അഹമ്മദി വ്യക്തമാക്കി. തുടര്‍ന്നാണ് സുപ്രീം കോടതി ജില്ലാ കോടതിയുടെ ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്.
CONTENT HIGHLIGHTS: Survey of Gyanwapi Masjid should be stopped; The Supreme Court issued an order