ന്യൂദല്‍ഹി: രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സി. വോട്ടര്‍ സര്‍വ്വേ. ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്.
രാജസ്ഥാനില്‍ 145 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ്- ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സര്‍വ്വേ പറയുന്നു.
രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പി വെറും 45 സീറ്റുകളില്‍ ഒതുങ്ങും. 39.7% വോട്ടുഷെയറാണ് ബി.ജെ.പിക്ക് ലഭിക്കുക. കോണ്‍ഗ്രസ് 47.9% വോട്ടു ഷെയറുമായി 145 സീറ്റുകള്‍ നേടും.
മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 107 സീറ്റുകള്‍ ലഭിക്കുമെന്നാണ് സി- വോട്ടര്‍ പ്രവചനം. 41.5% വോട്ടു ഷെയര്‍ നേടും. കോണ്‍ഗ്രസ് 116 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷം നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു.
നവംബര്‍ 12നും ഡിസംബര്‍ ഏഴിനുമാണ് മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. ഡിസംബര്‍ 11ന് എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നടക്കും.
Also Read:മോദിയേക്കാള്‍ എന്തുകൊണ്ടും മികച്ച നേതാവ് സ്റ്റാലിന്‍: എന്‍. ചന്ദ്രബാബു നായിഡു
മിസോറാമില്‍ ആര്‍ക്കും കേവലഭൂരിപക്ഷം നേടാനാവില്ലെന്നാണ് സര്‍വ്വേ പറയുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകളില്‍ ലീഡ് നേടും. കോണ്‍ഗ്രസ് 12 സീറ്റുകളും സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് ഒമ്പതു സീറ്റുകളും നേടും.
ഛത്തീസ്ഗഢില്‍ ഇഞ്ചോടിച്ച് പോരാട്ടം പ്രവചിക്കുന്ന സര്‍വ്വേ കോണ്‍ഗ്രസിന് 41 സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 43 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.