കൊച്ചി: മലയാളത്തിന്റെ താരസൂര്യന്‍ മമ്മൂട്ടിയുടെ 70ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം. ഒപ്പമഭിനയിച്ചവരും, സംവിധായകരും, എഴുത്തുകാരും തുടങ്ങി എല്ലാവരും അദ്ദേഹത്തോടൊപ്പമുള്ള രസകരമായ ഓര്‍മകളും കുറിപ്പുകളും പങ്കുവെക്കുകയാണ്. ലോകത്തിന്റെ പല കോണുകളില്‍ നിന്നും ആശംസകളും സമ്മാനങ്ങളും മമ്മൂട്ടിയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഏറെ വ്യത്യസ്തവും വൈകാരികവുമായ ഒരു പിറന്നാള്‍ സമ്മാനമാണ് മകള്‍ സുറുമി മമ്മൂട്ടിയ്ക്കായി നല്‍കുന്നത്.
സുറുമി വരച്ച മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്ത് ചര്‍ച്ചയാവുന്നത്. ചിത്രകാരിയായ സുറുമി ആദ്യമായാണ് ഒരു ഛായാചിത്രം വരക്കുന്നത്, വരച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം മമ്മൂക്കയേയും. മനോരമയ്ക്ക് വേണ്ടിയാണ് സുറുമി ഈ ചിത്രം വരച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം സുറുമി എഴുതിയ കുറിപ്പും ഹൃദയഹാരിയാണ്.
വാപ്പച്ചിയുടെ ചിത്രം വരക്കാന്‍ തുടങ്ങുമ്പോള്‍ മനസില്‍ തെല്ലാശങ്കയുണ്ടായിരുന്നു എന്നാണ് സുറുമി പറയുന്നത്. എത്രയോ കലാകാരന്മാര്‍ അവരുടെ സ്‌നേഹം മുഴുവനെടുത്തു വരച്ച മുഖമാണെന്നും താനിതുവരെ ഒരു പോര്‍ട്രെയ്റ്റ് പോലും ചെയ്തിട്ടില്ലെന്നും സുറുമി പറയുന്നു.
‘വാപ്പച്ചിയുടെ ചിത്രം വരക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിന് മുതിര്‍ന്നിട്ടില്ല. ഇത്തവണ എന്റെ പിറന്നാള്‍ സമ്മാനമായി ഇത് വരയ്ക്കുന്നതില്‍ അങ്ങേയറ്റം സന്താഷമുണ്ട്. ഈ പിറന്നാള്‍ സമ്മാനം അദ്ദേഹത്തിന് പ്രിയപ്പെട്ടതാവുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹത്തേക്കാള്‍ കൂടുതല്‍ ആര്‍ക്കാണറിയുക?’ സുറുമി പറയുന്നു.
ഈ ലോകത്തിലെ ഏതൊരു മകള്‍ക്കും അവരുടെ പിതാവ് തന്നെയാണ് ഏറ്റവും ഉജ്ജ്വലനായ വ്യക്തിയെന്നും തനിക്കും അങ്ങനെ തന്നെയാണ് എന്നും സുറുമി പറയുന്നു.
‘ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീര്‍ത്ത മനോഹര സൃഷ്ടിയാണത്. ഈ ലോകത്തിലെ എല്ലാ നന്മകളും ഞാന്‍ തൊട്ടറിഞ്ഞത് അതില്‍ നിന്നാണ്. ഈ മഹാപ്രപഞ്ചത്തോളം അനന്തമാണ് അങ്ങയുടെ സ്‌നേഹം; കാന്‍വാസിലേക്ക് പൂര്‍ണമായും പകര്‍ത്താന്‍ കഴിയാത്ത നിറക്കൂട്ട് തന്നെയാണത്,’ സുറുമി കൂട്ടിച്ചേര്‍ത്തു.
ചെന്നെയിലെ സ്റ്റെല്ല മേരീസില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി, ലണ്ടനിലെ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍നിന്നുമാണ് ചിത്രകലയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.