ന്യൂ ദല്‍ഹി: പണത്തിനായി ഗര്‍ഭപാത്രം വാടകക്കു നല്‍കുന്നതിനെ പൂര്‍ണമായും നിരോധിക്കുന്ന ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അമ്മമാരുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിനായി “വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍” ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
2016-ല്‍ ലോക്സഭയില്‍ അവതിപ്പിക്കപ്പെട്ട ബില്ല് പ്രകാരം ഈ പ്രവര്‍ത്തിയെ “പരോപകാരാര്‍ഥം” ചെയ്യേണ്ടതായായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ബില്ലിലെ വ്യവസ്ഥകള്‍ ലളിതമാക്കണമെന്ന് പാര്‍ലമെന്ററി സ്ഥിരംസമിതി ശുപാര്‍ശ ചെയ്തിരുന്നു. വാടക ഗര്‍ഭധാരണത്തിനു തയ്യാറാകുന്ന സ്ത്രീകള്‍ക്ക് പ്രതിഫലമോ പാരിതോഷികമോ നല്‍കണമെന്നും വിവാഹമോചിതരെയും ഗര്‍ഭപാത്രം വാടകക്കെടുക്കാന്‍ അനുവദിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു.
വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്ലു പ്രകാരം കുട്ടികളില്ലാത്ത അഞ്ചോ അതില്‍ കൂടുതലോ വര്‍ഷം നിയമപ്രകാരം വിവാഹിതരായി കഴിയുന്ന ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഗര്‍ഭപാത്രം വാടകക്കെടുക്കാം. അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഗര്‍ഭധാരണത്തിന് ആശ്രയിക്കാനായിരുന്നു അനുമതി. ഇത്തരത്തില്‍ ഗര്‍ഭിണിയാകുന്ന സത്രീകള്‍ക്ക് ഭേദഗതി ചെയ്ത ബില്ല് പ്രകാരം 16 മാസത്തെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദേശീയതലത്തില്‍ “വാടക ഗര്‍ഭപാത്ര നിയന്ത്രണ ബോര്‍ഡ്” സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ബില്ലിലെ ഭേദഗതി പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ബോര്‍ഡ് നിലവില്‍ വരും. ദേശീയ ബോര്‍ഡിനു കീഴില്‍ സംസ്ഥാനങ്ങളിലും അതോരിറ്റികളെ നിയമിക്കും.
വിദേശികള്‍ വാടക ഗര്‍ഭപാത്രത്തിനായി വന്‍തോതില്‍ ഇന്ത്യയിലെത്തുന്നതു പരിഗണിച്ചാണ് അമ്മമാരുടെയും കുട്ടികളുടെയും ചൂഷണത്തില്‍ നിന്നും സംരക്ഷിക്കാനായി ഗര്‍ഭപാത്രം വാടകക്കു നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.