കൗണ്ടി ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് സറേ. നാലാം ഇന്നിങ്‌സില്‍ 500 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചാണ് സറേ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സാണിത്. 1925ന് ശേഷം കൗണ്ടിയില്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്.
സറേയുടെ രണ്ടാം ഇന്നിങ്‌സില്‍ 501 റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഡോം സിബ്‌ലി, ജെയ്മി സ്മിത്, ബെന്‍ ഫോക്‌സ് എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് സറേ വിജയത്തിലേക്ക് നടന്നുകയറിയത്.
ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്ക് ശേഷം രണ്ടാം ഇന്നിങ്‌സില്‍ നടത്തിയ ഗംഭീര തിരിച്ചുവരവാണ് സറേക്ക് തുണയായത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കെന്റ് ആദ്യ ഇന്നിങ്‌സില്‍ 301 റണ്‍സ് നേടിയിരുന്നു. സെഞ്ച്വറി നേടിയ ജോര്‍ഡന്‍ കോക്‌സിന്റെയും അര്‍ധ സെഞ്ച്വറി നേടിയ വെസ് അഗറിന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് കെന്റ് ആദ്യ ഇന്നിങ്‌സില്‍ മാന്യമായ സ്‌കോര്‍ നേടിയത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ സറേക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ടീമിലെ അഞ്ച് താരങ്ങള്‍ ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ സൂപ്പര്‍ താരം ഗസ് ആറ്റ്കിന്‍സണ്‍ പൂജ്യത്തിനായിരുന്നു മടങ്ങിയത്. 37 പന്തില്‍ നിന്നും 34 റണ്‍സ് നേടിയ സീന്‍ അബോട്ടാണ് സ്‌കോറിങ്ങില്‍ മികച്ച് നിന്നത്.
ഈ വിജയത്തിന് പിന്നാലെ ഡിവിഷന്‍ വണ്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും സറേക്കായി. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് വിജയമാണ് സറേക്കുള്ളത്. ഏഴ് മത്സരത്തില്‍ നിന്നും ഒറ്റ വിജയവുമായി കെന്റ് ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.
ജൂണ്‍ 16നാണ് സറേയുടെ അടുത്ത മത്സരം. പട്ടികയിലെ ആറാം സ്ഥാനക്കാരായ സോമര്‍സെറ്റാണ് എതിരാളികള്‍.
Content Highlight: Surrey beats Kent in county cricket