ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയ്ക്ക് ശരിയായ മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാല്‍വന്‍ താഴ്വര, പാന്‍ഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റവും ബഫര്‍സോണ്‍ സൃഷ്ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനയ്ക്ക് അടിയറവെച്ചതെന്ന് ആന്റണി പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എല്ലാ ഇന്ത്യ-ചൈന അതിര്‍ത്തിയിലും 24 മണിക്കൂര്‍ ശ്രദ്ധ ആവശ്യമാണെന്നും ഇന്ത്യയുടെ സായുധ സേന സജ്ജമായി നില്‍ക്കുകയാണെന്നും പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ആവശ്യമാണെന്നും ആന്റണി പറഞ്ഞു. ചൈനക്കാര്‍ സൈന്യത്തെ നവീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുകയും അവരുടെ നിലപാടുകള്‍ ഏകീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ സെന്യത്തിനും കൃത്യമായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധബജറ്റില്‍ കാര്യമായ വര്‍ധന വരുത്താത്തത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ആന്റണി പറഞ്ഞു ആരോപിച്ചു. കഴിഞ്ഞവര്‍ഷത്തെ പുതുക്കിയ ബജറ്റ് നീക്കിയിരിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിരോധത്തിന് 1.48 ശതമാനം മാത്രമാണ് വര്‍ധന വരുത്തിയതെന്നും പ്രതിരോധബജറ്റില്‍ വര്‍ധന വരുത്താത്തത് ചൈനയെ സന്തോഷിപ്പിക്കാനാണെന്നും ആന്റണി ആരോപിച്ചു.
ഗാല്‍വനിലും പാന്‍ഗോങ്ങിലുമുള്ള പിന്‍മാറ്റം കീഴടങ്ങലാണെന്നും ഇന്ത്യന്‍ പ്രദേശമാണെന്നതില്‍ 1962-ല്‍പോലും തര്‍ക്കമില്ലാതിരുന്ന മേഖലകളില്‍നിന്നാണ് നിലവില്‍ പിന്‍വാങ്ങിയതെന്നും ആന്റണി പറഞ്ഞു.
പാകിസ്താനെ സഹായിച്ചുകൊണ്ട് സിയാച്ചിനില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ചൈനയ്ക്ക് കഴിയുമെന്നും ആന്റണി പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 2020 ഏപ്രില്‍ പകുതിയോടെയുണ്ടായിരുന്ന സ്ഥിതി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക