| Saturday, 1st June 2019, 10:52 am

പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്മാറണമെന്ന് സി.പി.ഐ.എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി; 'ബി.ജെ.പിയാണ് മുഖ്യ ശത്രു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയും ബിജെപിക്ക് മുന്നേറ്റവും ഉണ്ടായതിന് ശേഷം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആരംഭിച്ച പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കുന്ന പ്രക്രിയയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്ര. ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്നും അവരെ തുറന്നുകാട്ടുന്നതിലുമാണ് പ്രധാന ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 17 സീറ്റ് നേടുകയും തൃണമൂല്‍ കോണ്‍ഗ്രസ് 24ലേക്ക് ചുരുങ്ങുകയും ഇടതുപക്ഷത്തിന് സീറ്റൊന്നും കിട്ടാതിരുന്ന അവസ്ഥയിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.

ഇടതുമുന്നണി പ്രവര്‍ത്തകരെയും ജനാധിപത്യ വിശ്വാസികളെയും അഭിസംബോധന ചെയ്താണ് സൂര്‍ജ്യകാന്ത മിശ്രയുടെ പ്രസ്താവന. ബി.ജെ.പിയുടെ പെട്ടെന്നുള്ള മാറ്റം, ജനങ്ങളെ മതിഭ്രമിപ്പിക്കാനുള്ള ശ്രമം. ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കല്‍. ഇത് പൂര്‍ണ്ണമായും തട്ടിപ്പാണ്. ഈ സമയം കഴിഞ്ഞാല്‍ വര്‍ഗീയ സേന ഇടത് മുന്നണി പ്രവര്‍ത്തകരെയും പ്രത്യയശാസ്ത്രത്തെയും ആക്രമിക്കാനാരംഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം ഭീകരതയില്‍ നിന്ന് താല്‍ക്കാലിക വിരാമം ഉണ്ടാക്കിയിരിക്കുകയാണ്. ഫലം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തൃണമൂല്‍ തെമ്മാടികളുടെ വീര്യം കെടുത്തിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി സാധാരണ ജനങ്ങളുമായി ബന്ധം പുനസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും സൂര്‍ജ്യകാന്ത മിശ്ര പറഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷമായി തൃണമൂല്‍ തെമ്മാടികളുടെ പ്രവര്‍ത്തനം കൊണ്ട് ബുദ്ധിമുട്ടായിരുന്ന കാര്യമാണെന്നും പറഞ്ഞു.

പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചു പിടിക്കുന്നതിനേക്കാള്‍ ശ്രദ്ധ കൊടുക്കേണ്ടത് ജനങ്ങളുമായി ബന്ധമുണ്ടാക്കാണ്. മാധ്യമ റിപ്പോര്‍ട്ടുകളെയും സൂര്‍ജ്യകാന്ത മിശ്ര വിമര്‍ശിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പാര്‍ട്ടി ഓഫീസുകളും ഗ്രാമീണര്‍ കൈമാറിയതാണ്. അതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെമ്മാടികള്‍ 2013ല്‍ പിടിച്ചെടുത്തതും ഉണ്ടെന്ന് സൂര്‍ജ്യകാന്ത മിശ്ര പറഞ്ഞു.

ആയിരത്തിലധികം പാര്‍ട്ടി ഓഫീസുകളും 500 ട്രേഡ് യൂണിയന്‍ ഓഫീസുകളും തിരിച്ചു പിടിച്ചെന്നാണ് സി.പി.ഐ.എം വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ആര്‍.എസ്.എസും ഇക്കാര്യത്തില്‍ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.

സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കുന്നത് സൂക്ഷിക്കണമെന്നും ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവര്‍ സി.പി.ഐ.എമ്മിന് ഓക്‌സിജന്‍ നല്‍കരുതെന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

We use cookies to give you the best possible experience. Learn more