ഇംഫാല്‍: അധികാരം ആരു നേടുമെന്ന വ്യക്താമകാത്ത മണിപ്പൂരില്‍ സ്വതന്ത്ര എം.എല്‍.എയെ കാണാതായി. എം.എല്‍.എയുടെ തിരോധാനത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. സംസഥാനത്ത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഏക എം.എല്‍.എ കൂടിയായ അസാബുദ്ദീനെയാണ് കാണാതായിരിക്കുന്നത്. ഇന്നലെ വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനത്ത് ഓരോ എം.എല്‍.എമാരുടെയും പിന്തുണ ഇരു മുന്നണികള്‍ക്കും ആവശ്യമാണെന്നിരിക്കേയാണ് അസാബുദ്ദീനെ കാണാതെയായത്.
അറുപത് അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 28 സീറ്റുകളാണ് ലഭിച്ചത്. ആദ്യമായി സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പിയ്ക്ക് 21 സീറ്റുകളും. നാല് അംഗങ്ങളുള്ള എന്‍.പി.എഫിന്റെ പിന്തുണ ഉറപ്പാക്കിയ ബി.ജെ.പി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇന്നലേ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരുടെയും പിന്തുണ ഉറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് സംസ്ഥാനത്ത് ഇരു പാര്‍ട്ടികളും.
ഇതിനിടയിലാണ് സ്വതന്ത്ര എം.എല്‍.എയെ കാണാതെയാകുന്നത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ അംഗമായിരുന്ന നാസറിനൊപ്പം ഗുവാഹത്തിയില്‍ നിന്നും ഇംഫാലിലെത്തിയ അസാബുദ്ദീനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് കൊല്‍ക്കത്തയിലേക്ക് കടത്തുകയായിരുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് രംഗത്തെത്തിയിരിക്കുന്നത്.
സി.ഐ.എസ്.എഫിനെയും വിമാനത്താവള അധികൃതരേയും ഉപയോഗിച്ചാണ് ബി.ജെ.പി അസാബുദ്ദീനെ കടത്തിയതെന്നും സുര്‍ജേവാല ആരോപിക്കുന്നു. ജനാധിപത്യത്തെ വഴിതിരിച്ച് വിടാനുള്ള അപകടകരമായ കളിയാണ് മോദി നടപ്പിലാക്കുന്നതെന്നും സുര്‍ജേവാല പറയുന്നു.