| Wednesday, 27th June 2012, 8:55 am

സരബ്ജിത്ത് സിങ്ങിനെ വിട്ടയക്കില്ല; മോചിപ്പിക്കുന്നത് സുര്‍ജിത്ത് സിങ്ങിനെയെന്ന് പാക്കിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിങ്ങിനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി. സരബ്ജിത്ത് സിങ്ങിനെയല്ല, സുര്‍ജിത്ത് സിങ് എന്ന ഇന്ത്യാക്കാരനെയാണ് മോചിപ്പിക്കുകയെന്ന് പാക്ക് പ്രസിഡന്റ് ആസിഫ്‌ അലി സര്‍ദാരിയുടെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ വ്യക്തമാക്കി. സരബ്ജിത്ത് സിങ്ങിനെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പാക്കിസ്ഥാന്റെ മലക്കംമറിയല്‍.

” ഇവിടെ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യമേ പറയാനുള്ളത് ഇത് ദയ നല്‍കിയ കാര്യമല്ല. ഏറ്റവും പ്രധാനപ്പെട്ടത് സരബ്ജിത്തല്ല എന്നതാണ്. ഇത് സുര്‍ജിത്ത് സിങ്ങാണ്. സച്ച സിങ്ങിന്റെ മകന്‍. 1989ല്‍ ബേനസീര്‍ ഭൂട്ടോയുടെ നിര്‍ദേശ പ്രകാരം പ്രസിഡന്റ് ഇഷാഖ് വധശിക്ഷ ഇളവ് ചെയ്ത പ്രതി.” ഫര്‍ഹത്തുള്ള ബാബര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ കാര്യത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ്‌ അലി സര്‍ദാരിയുടെ പേര് വലിച്ചിഴക്കേണ്ടെന്നും ബാബര്‍ അറിയിച്ചു.

സുര്‍ജിത്തിന്റെ ശിക്ഷാകാലാവധി അവസാനിച്ച സാഹചര്യത്തിലാണ് മോചനമെന്നും ബാബര്‍ പറഞ്ഞു. മോചിപ്പിക്കുന്ന തടവുപുള്ളിയുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണിതെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. സരബ്ജിത്തിന്റെ വധശിക്ഷ പാക്ക് പ്രസിഡന്റ് സര്‍ദാരി ജീവപര്യന്തമാക്കിക്കുറച്ചെന്നും കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ ഉടന്‍ മോചിപ്പിക്കുമെന്നും പാക്ക് മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെയാണ് അര്‍ധരാത്രിയോടെ പാക്കിസ്ഥാന്‍ മലക്കം മറിഞ്ഞത്.

1990ല്‍ ലാഹോറില്‍ 14പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് സരബ്ജിത് ജയിലിലാവുന്നത്. ഒരു കൊലക്കേസില്‍ പ്രതിയായി കഴിഞ്ഞ 20 വര്‍ഷമായി രാജസ്ഥാന്‍ ജയിലില്‍ കഴിയുന്ന പാക് പൗരന്‍ ഖലീല്‍ ചിസ്തിയെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ മോചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സരബ്ജിത്തിന്റെ മോചനമെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more