ചണ്ഡിഗഢ്: മുപ്പത് വര്‍ഷത്തിലധികം പാക് ജയിലില്‍ കഴിഞ്ഞ ശേഷം മോചിതനായ സുര്‍ജിത് സിങിന് പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണ് ചെക്ക് കൈമാറിയത്.[]
സുര്‍ജിത് സിങിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും സുര്‍ജിത്തിന്റെ മകന്‍ കുല്‍വിന്ദറിന് യോഗ്യതയനുസരിച്ചുള്ള സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെയും കുടുംബത്തെയും സഹായിക്കാന്‍ തയ്യാറായ മുഖ്യമന്ത്രിയോട് സുര്‍ജിത് നന്ദി രേഖപ്പെടുത്തി. തനിയ്ക്ക് പിന്തുണ നല്‍കിയ എല്ലാ വ്യക്തികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും സുര്‍ജിത് പറഞ്ഞു.
കഴിഞ്ഞ 31 വര്‍ഷമായി സുര്‍ജിത് സിങ് ലാഹോറിലെ കോട് ലഖ്പത്‌റായ് ജയിലില്‍ കഴിയുകയായിരുന്നു. പഞ്ചാബിലെ ഫിദ്ദെ സ്വദേശിയാണ് സുര്‍ജിത് സിങ്.
1980 ല്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് സിയാഹുല്‍ ഹഖിന്റെ ഭരണകാലത്ത് അതിര്‍ത്തിയില്‍ ചാരപ്രവര്‍ത്തി നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാന്‍ പട്ടാളം ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ വധശിക്ഷ 1989 ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചിരുന്നു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് ഇദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്.