ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീം. രാജ്യമൊട്ടാകെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ഇത്. സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ഭീമില്‍ മലയാളിയായ ലിജോമോള്‍ ജോസും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സൂര്യ. കാക്ക കാക്ക എന്ന സിനിമയില്‍ 2002ലാണ് താന്‍ അഭിനയിക്കുന്നതെന്നും 2002-2005 ബാച്ചിലുള്ള ഐ.പി.എസ് ഓഫീസര്‍മാരില്‍ ഭൂരിഭാഗം ആളുകളും ആ സിനിമ കണ്ടിട്ടുണ്ടെന്നും സൂര്യ പറയുന്നു. ആ സിനിമ കണ്ടിട്ട് കോളേജില്‍ പഠിക്കുന്ന പലരും ഐ.പി.എസ് എടുത്തിട്ടുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
വാരണാസിയില്‍ പോയപ്പോള്‍ അവിടെയുള്ള ആളുകള്‍ തന്നെ സിങ്കം എന്ന ചിത്രം ചെയ്തതിലൂടെയാണ് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ജയ് ഭീം എന്ന ചിത്രം നിയമ വ്യവസ്ഥയില്‍ പോലും മാറ്റം കൊണ്ടുവന്ന ചിത്രമാണെന്നും മൂന്ന് ലക്ഷം പേരുടെ ജീവിതമാണ് ജയ് ഭീം എന്ന ചിത്രം കൊണ്ട് മാറിയതെന്നും സൂര്യ പറഞ്ഞു.
‘കാക്ക കാക്ക എന്ന സിനിമയില്‍ 2002 ലാണ് ഞാന്‍ അഭിനയിക്കുന്നത്. 2002-2005 ബാച്ചിലുള്ള ഐ.പി.എസ് ഓഫീസര്‍മാരില്‍ ഭൂരിഭാഗം ആളുകളും ‘കാക്ക കാക്ക’ എന്ന സിനിമ കണ്ടിട്ടുണ്ട്. പലരും ആ സിനിമ കണ്ടിട്ടാണ് ഐ.പി.എസ് ഓഫീസര്‍മാര്‍ ആയിട്ടുള്ളത്. ആ സിനിമ കണ്ടിട്ട് കോളേജില്‍ പഠിക്കുന്ന പലരും ഐ.പി.എസ് എടുത്തിട്ടുണ്ട്. ചെയ്തുകൊണ്ടിരുന്ന തൊഴില്‍ കളഞ്ഞിട്ടും പലരും ഐ.പി.എസ് ഓഫീസര്‍മാര്‍ ആയിട്ടുണ്ട്.
സിങ്കം എന്ന ചിത്രവും അത്തരത്തിലുള്ള സിനിമയായിരുന്നു. ഞാന്‍ വാരണാസിയില്‍ പോയപ്പോള്‍ അവിടെയുള്ള ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുത്തിരുന്നു. ചില ജീവിതങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനും സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
‘ജയ് ഭീം’ എന്ന സിനിമയും അതുപോലെ ആളുകളുടെ ജീവിതം മാറ്റിയ ഒന്നാണ്. നിയമ വ്യവസ്ഥയില്‍ തന്നെ ജയ് ഭീം മാറ്റം കൊണ്ടുവന്നു. മന്ത്രിമാരും കളക്ടര്‍മാരും സിനിമ കണ്ട് സെന്‍സസ് എടുക്കാന്‍ വരെ നിര്‍ദ്ദേശിച്ചു. മൂന്ന് ലക്ഷം പേരുടെ ജീവിതമാണ് ആ ഒറ്റ സിനിമ കൊണ്ട് മാറിയത്,’ സൂര്യ പറയുന്നു.
Content highlight: Suriya talks about Jai bhim movie