Entertainment
തമിഴ് സംസാരിക്കാത്ത ആളുകള്‍ എന്നെ അറിഞ്ഞത് ആ ബോളിവുഡ് നടനിലൂടെ: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 02, 11:41 am
Thursday, 2nd January 2025, 5:11 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സൂര്യ, ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലുടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.

സൂര്യ നായകനായെത്തിയ ചിത്രമാണ് ഗജിനി. ഗജിനി എന്ന പേരില്‍ തന്നെയായിരുന്നു ഹിന്ദിയിലേക്ക് ചിത്രം. എത്തിയത്. 2003ല്‍ ഇറങ്ങിയ ഗജിനിയില്‍ നായകനായി സൂര്യ എത്തിയപ്പോള്‍ 2008ല്‍ പുറത്തിറങ്ങിയ ഗജിനി റീമേയ്ക്കില്‍ ആമിര്‍ ഖാനായിരുന്നു നായകന്‍. രണ്ട് ചിത്രങ്ങളിലും അസിനായിരുന്നു നായിക. ആമിര്‍ ഖാന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരുന്നു ഗജിനി.

ആമിര്‍ ഖാനെ കുറിച്ച് സംസാരിക്കുകയാണ് സൂര്യ. സാധാരണയായി ഒരു സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ഒറിജിനല്‍ സിനിമയിലെ നടനെയോ അഭിനേതാക്കളെയോ സംവിധായകരെയോ ആരും ചര്‍ച്ച ചെയ്യാറില്ലെന്നും എന്നാല്‍ ആമിര്‍ ഖാന്‍ തമിഴ് ഗജിനിയെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും സംസാരിച്ചെന്നും സൂര്യ പറഞ്ഞു.

മറ്റുള്ളവര്‍ തന്നെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തന്നെ നോര്‍ത്തിലുള്ളവര്‍ തന്നെക്കുറിച്ച് സംസാരിക്കാന്‍ കാരണം ആമിര്‍ ഖാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സാധാരണയായി ഒരു സിനിമ റീമേക്ക് ചെയ്യുമ്പോള്‍, ഒറിജിനല്‍ സിനിമയിലെ നടനെയോ അഭിനേതാക്കളെയോ സംവിധായകരെയോ ആരും ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍ ആദ്യമായി, ആമിര്‍ സാര്‍ സിനിമയെ കുറിച്ച് സംസാരിക്കുകയും എല്ലാ അഭിനേതാക്കളെയും സംവിധായകനെയും കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

മറ്റുള്ളവര്‍ ആരെങ്കിലും എന്നെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പുതന്നെ, തമിഴ് സംസാരിക്കാത്ത ആളുകള്‍, പ്രത്യേകിച്ച് നോര്‍ത്തിലുള്ളവര്‍ എന്നെക്കുറിച്ച് അറിയാന്‍ അദ്ദേഹം മാത്രമാണ് കാരണമെന്ന് ഞാന്‍ കരുതുന്നു,’ സൂര്യ പറഞ്ഞു.

Content Highlight: Suriya Talks About Aamir Khan