|

ആ സിനിമ കണ്ടതിന്റെ ട്രോമയില്‍ നിന്ന് പുറത്തുവരാന്‍ ഒരുപാട് സമയമെടുത്തു: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സൂര്യക്ക് വലിയൊരു ബ്രേക്ക് ത്രൂ നല്‍കിയ ചിത്രമായിരുന്നു നന്ദ. ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാന്‍ സൂര്യക്ക് സാധിച്ചു.

ബാലയുടെ ആദ്യചിത്രമായ സേതു കണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് സൂര്യ. ചെന്നൈയിലെ ഒരു തിയേറ്ററില്‍ നിന്ന് വിക്രമിനൊപ്പമാണ് സേതുവിന്റെ പ്രീമിയര്‍ കണ്ടതെന്ന് സൂര്യ പറഞ്ഞു. അതുവരെ കണ്ട സിനിമകളില്‍ നിന്ന് വളരെയധികം ഇംപാക്ടുള്ള സിനിമയായിരുന്നു സേതുവെന്നും ചിത്രം കഴിഞ്ഞതിന് ശേഷം താന്‍ വല്ലാത്ത അവസ്ഥയിലായെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

ഒരു നടന് എങ്ങനെ ഇതുപോലെ അഭിനയിക്കാന്‍ കഴിയുമെന്നും ഒരു സംവിധായകന് എങ്ങനെ ഇതുപോലൊരു സിനിമ ചെയ്യാന്‍ പറ്റുമെന്ന് താന്‍ ചിന്തിച്ചെന്നും സൂര്യ പറഞ്ഞു. ആ സിനിമയുടെ ട്രോമയില്‍ നിന്ന് പുറത്തുവരാന്‍ നൂറിലധികം ദിവസങ്ങള്‍ എടുത്തെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് ശേഷം ബാല ചെയ്ത നന്ദയാണ് തന്റെ കരിയര്‍ മാറ്റിമറിച്ചതെന്നും സൂര്യ പറഞ്ഞു. ബാല സംവിധാനം ചെയ്യുന്ന വണങ്കാന്റെ ഓഡിയോ ലോഞ്ചിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

‘2000ത്തില്‍ ഒരു സിനിമയുടെ സെറ്റില്‍ നില്‍ക്കുമ്പോഴാണ് ബാല എന്നെ വിളിച്ചത്. ‘വേറൊരു സിനിമയും കമ്മിറ്റ് ചെയ്യണ്ട, എന്റെ അടുത്ത സിനിമയില്‍ നീയാണ് നായകന്‍’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്റെ ഓര്‍മകള്‍ പെട്ടെന്ന് പിന്നിലേക്ക് പോയി. ചെന്നൈയിലെ ഒരു പ്രിവ്യൂ തിയേറ്ററില്‍ വിക്രമിന്റെ കൂടെയിരുന്നാണ് സേതു എന്ന സിനിമ കണ്ടത്.

അതുവരെ കണ്ട സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഇംപാക്ടാണ് സേതു എനിക്ക് തന്നത്. ആ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ വല്ലാത്ത ഒരു അവസ്ഥയിലായി. ഒരു നടന് എങ്ങനെ ഇതുപോലെ അഭിനയിക്കാന്‍ കഴിയും? ഒരു സംവിധായകന് എങ്ങനെ ഇതുപോലൊരു സിനിമ ചെയ്യാന്‍ കഴിയുമെന്നൊക്കെ ഒരുപാട് ചിന്തിച്ചു. സേതുവിന്റെ ട്രോമയില്‍ നിന്ന് എനിക്ക് പുറത്തുവരാന്‍ 100ലധികം ദിവസം വേണ്ടിവന്നു.

അങ്ങനെയുള്ള സംവിധായകനായ ബാലയുടെ നന്ദയാണ് എന്റെ കരിയര്‍ മാറ്റിമറിച്ചത്. ആ സിനിമ കണ്ടതിന് ശേഷമാണ് പല വേഷങ്ങളും എന്നെ തേടിയെത്തിയത്. ഗൗതം മേനോന്‍ കാക്ക കാക്കയും, എ.ആര്‍. മുരുകദോസ് ഏഴാം അറിവും ചെയ്യാന്‍ എന്നെ വിളിച്ചത്. ആ ഫോണ്‍കോള്‍ എന്റെ ജീവിതം തന്നെ മാറ്റി,’ സൂര്യ പറയുന്നു.

Content Highlight: Suriya shares the experience after watching Sethu movie

Video Stories