| Friday, 25th October 2024, 11:34 am

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞത് അമ്മ; 1200 രൂപ ശമ്പളത്തില്‍ തുണി കടയില്‍ ജോലി ചെയ്തിട്ടുണ്ട്: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ വരുന്നതിന് മുമ്പ് ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നെന്ന് പറയുകയാണ് സൂര്യ. ആദ്യത്തെ പതിനഞ്ച് ദിവസം 750 രൂപയാണ് ശമ്പളമായി ലഭിച്ചതെന്നും അതിന് ശേഷം 1200 രൂപയായിരുന്നു അന്ന് തന്റെ മാസശമ്പളം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ ആറുമാസം ഒരു നടന്റെ മകനാണെന്ന് അവിടെ ആര്‍ക്കും അറിയില്ലായിരുന്നെന്നും മൂന്നു വര്‍ഷത്തോളം അവിടെ ജോലി ചെയ്തെന്നും സൂര്യ പറയുന്നു.

സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നെന്നും അതിനു എക്‌സ്പീരിയന്‍സ് നേടാന്‍ ആണ് ഫാക്ടറിയില്‍ ജോലി ചെയ്തതെന്നും സൂര്യ പറയുന്നു. 25000 രൂപയുടെ കടം വീട്ടാന്‍ അമ്മ ബുദ്ധിമുട്ടുന്നത് കണ്ടത് തന്നെ വല്ലാതെ ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഗാര്‍മെന്റ്‌റ് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തപ്പോള്‍ ആദ്യത്തെ 15 ദിവസം ഒരു ട്രെയിനി ആയിരുന്നു. ആ 15 ദിവസത്തെ ആകെ ശമ്പളം 750 രൂപ ആയിരുന്നു. ആദ്യത്തെ ആറുമാസം ഒരു നടന്റെ മകനാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. 1200 രൂപയായിരുന്നു അന്ന് എന്റെ മാസശമ്പളം. ഏകദേശം മൂന്ന് വര്‍ഷത്തോളം അവിടെ ജോലി ചെയ്തപ്പോള്‍ ശമ്പളം 8,000 രൂപയായി ഉയര്‍ന്നു.

കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നത്തെ കുറിച്ച് അമ്മയാണ് എന്നോട് പറയുന്നത്. അമ്മ 25000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും പറഞ്ഞു. ഇത് കേട്ട് ഞെട്ടിയ ഞാന്‍ സേവിങ്‌സിനെക്കുറിച്ച് ചോദിച്ചു. ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്.

ആ സമയത്ത് അച്ഛന്‍ അധികം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നില്ല. അമ്മ 25000 രൂപയുടെ കടം വീട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടത് എന്നെ വല്ലാതെ ബാധിച്ചു. ആ നിമിഷം വരെ സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനു എക്‌സ്പീരിയന്‍സ് നേടാന്‍ ആണ് ഫാക്ടറിയില്‍ ജോലി ചെയ്തത്.

അച്ഛന്‍ നടന്‍ ആയതിനാല്‍ അഭിനയിക്കാന്‍ ഒരുപാട് ഓഫറുകള്‍ ലഭിച്ചിരുന്നു എങ്കിലും താത്പര്യം ഇല്ലായിരുന്നു. അമ്മയുടെ കടം വീട്ടുക എന്ന ഉദ്ദേശത്തോടെ പണത്തിന് വേണ്ടിയാണ് ഈ ഇന്‍ഡസ്ട്രിയില്‍ വന്നത്. അങ്ങനെയാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്,’ സൂര്യ പറയുന്നു.

Content Highlight: Suriya Says He Was Worked On A Garment Factory Before Entering To Film Industry

We use cookies to give you the best possible experience. Learn more