| Tuesday, 5th November 2024, 6:39 pm

ലോകേഷ് ഒരിക്കലും ആ ഒരു കാര്യം ചെയ്യുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച ചിത്രമാണ് വിക്രം. കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ലോകേഷിന്റെ മുന്‍ ചിത്രമായ കൈതിയുമായി വിക്രം എന്ന സിനിമയെ കണക്ട് ചെയ്താണ് സംവിധായകന്‍ തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിനെ സൃഷ്ടിച്ചത്.

വിജയ് ചിത്രം ലിയോയും എല്‍.സി.യുവില്‍ വന്നതോടുകൂടി തമിഴ് സിനിമയുടെ അഭിമാനമായി ഈ യൂണിവേഴ്‌സ് മാറി. കമല്‍ ഹാസന്‍, കാര്‍ത്തി, വിജയ്, ഫഹദ് ഫാസില്‍ എന്നിവര്‍ നായകന്മാരായെത്തുമ്പോള്‍ അവര്‍ക്കെല്ലാം നേരിടേണ്ട വില്ലനായി എത്തുന്നത് സൂര്യയാണ്. വിക്രത്തിന്റെ അവാസന അഞ്ച് മിനിറ്റില്‍ പ്രത്യക്ഷപ്പെട്ട സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം സിനിമാലോകം കൊണ്ടാടി.

ഈ യൂണിവേഴ്‌സിലെ വരും ചിത്രങ്ങളില്‍ നായകന്മാര്‍ക്ക് നേരിടേണ്ടി വരുന്നത് നിസാരവില്ലനെയല്ല എന്ന് സൂചിപ്പിക്കുന്ന പെര്‍ഫോമന്‍സാണ് സൂര്യ കാഴ്ചവെച്ചത്. റോളക്‌സ് എന്ന കഥാപാത്രത്തെ വെച്ച് ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമുണ്ടാകുമെന്ന് ലോകേഷ് അറിയിച്ചിരുന്നു. റോളക്‌സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സൂര്യ.

ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് സൂര്യ പറഞ്ഞു. റോളക്‌സ് എന്നത് വെറും നെഗറ്റീവ് കഥാപാത്രമാണെന്നും അയാളില്‍ നന്മയുണ്ടെന്നുള്ള കാര്യം കണ്ട് പ്രേക്ഷകര്‍ അയാളെ ആരാധിക്കരുതെന്ന ചിന്തയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

‘റോളക്‌സിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, യാതൊരു തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല അത്. അയാളുടെ ചെയ്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതുമല്ല.

അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്ന നീതികേടാകും. അയാളെ ന്യായീകരിക്കുന്നതായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ ചാന്‍സുണ്ട്. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ അപകടകരമാണ്,’ സൂര്യ പറയുന്നു.

Content Highlight: Suriya says about Rolex stand alone movie

We use cookies to give you the best possible experience. Learn more