| Saturday, 26th October 2024, 5:26 pm

ഓരോ തവണ പരാജയപ്പെടുമ്പോഴും എനിക്ക് പ്രചോദനം തരുന്നത് ആ നടനാണ്: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ അഭിനയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സൂര്യ പിന്നീട് അഭിനയത്തിലും സ്‌ക്രിപ്റ്റ് സെലക്ഷനിലും എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.

കഴിഞ്ഞ കുറച്ചുകാലങ്ങളായി എടുത്തുപറയാന്‍ സൂര്യക്ക് ഒരു തിയേറ്റര്‍ ഹിറ്റില്ലാത്ത അവസ്ഥയാണ്. വന്‍ പ്രതീക്ഷയില്‍ വന്ന പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. സൂരറൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നെങ്കിലും രണ്ടും ഒ.ടി.ടി റിലീസായിരുന്നു.

പരാജയത്തില്‍ നിന്ന് ഉയാരന്‍ തനിക്ക് എപ്പോഴും പ്രചോദനം നല്‍കുന്ന നടനെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. കമല്‍ ഹാസനാണ് തനിക്ക് പ്രചോദനം നല്‍കുന്ന ആ നടനെന്ന് സൂര്യ പറഞ്ഞു. അദ്ദേഹത്തിന്റെ ഡ്രീം പ്രൊജക്ടായ മരുതനായകം മുടങ്ങിപ്പോയപ്പോള്‍ പോലും അതില്‍ തളരാതെ ഹേ റാം പോലൊരു ക്ലാസിക് ചിത്രം ഒരുക്കിയിട്ടുണ്ടെന്നും മറ്റൊരു നടനും അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ കഴിയില്ലെന്ന് സൂര്യ പറഞ്ഞു.

തന്റെ കഴിഞ്ഞ കുറച്ചു ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോവുകയും സൂരറൈ പോട്രും ജയ് ഭീമും പോലുള്ള ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യേണ്ടി വന്നപ്പോഴും കമല്‍ ഹാസനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ ധൈര്യമാണ് മുന്നോട്ട് കുതിക്കാന്‍ ഊര്‍ജം തന്നതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. കങ്കുവയുടെ പ്രൊമോഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഓരോ തവണ എന്റെ സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച ലെവലില്‍ എത്താതെ വരുമ്പോള്‍ എനിക്ക് ഇന്‍സ്പിറേഷന്‍ തരുന്ന നടനാണ് കമല്‍ സാര്‍. അദ്ദേഹത്തിന്റെ ധൈര്യം മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല. ഒന്നാലോചിച്ച് നോക്കു, മരുതനായകം പോലൊരു ഡ്രീം പ്രൊജക്ട് പകുതിക്ക് മുടങ്ങിപ്പോയ അവസ്ഥ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതില്‍ തളരാതെ പിന്നീട് ഹേ റാം പോലൊരു ക്ലാസിക് അദ്ദേഹം സൃഷ്ടിച്ചു.

എന്റെ കഴിഞ്ഞ കുറച്ചു സിനിമകള്‍ പരാജയപ്പെടുകയും കൊവിഡ് സമയത്ത് സൂരറൈ പോട്രും ജയ് ഭീമും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാതെ വന്നു. പ്രേക്ഷകര്‍ക്കും തിയേറ്റര്‍ നടത്തിപ്പുകാര്‍ക്കും അതിന് പകരം എന്തെങ്കതിലും ചെയ്യണമെന്ന ചിന്ത അന്നേ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. തീര്‍ച്ചയായും കങ്കുവ അത്തരത്തിലൊരു സിനിമ തന്നെയായിരിക്കും,’ സൂര്യ പറഞ്ഞു.

Content Highlight: Suriya saying that Kamal Haasan is inspiration for him whne every time he fails

We use cookies to give you the best possible experience. Learn more