| Tuesday, 29th October 2024, 4:29 pm

എന്നെ ഞാനാക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച വ്യക്തിയാണ് അവര്‍: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മുന്‍കാല നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. മണിരത്നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സൂര്യക്ക് വലിയൊരു ബ്രേക്ക് ത്രൂ നല്‍കിയ ചിത്രമായിരുന്നു നന്ദ. ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാന്‍ സൂര്യക്ക് സാധിച്ചു.

ശരവണന്‍ എന്ന വ്യക്തിയില്‍ നിന്ന് ഇന്ന് കാണുന്ന സൂര്യയിലേക്ക് തന്നെ മാറ്റിയത് തന്റെ പങ്കാളിയായ ജ്യോതികയാണെന്ന് സൂര്യ പറഞ്ഞു. സഹോദരന്‍, മകന്‍, പങ്കാളി, രക്ഷിതാവ് എന്നീ നിലകളില്‍ തന്നെ മികച്ച ഒരാളാക്കി മാറ്റിയത് ജ്യോതികയാണെന്നും അവരില്ലെങ്കില്‍ താനില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടായാല്‍ അത് കോംപ്രമൈസ് ആക്കിയതിന് ശേഷം മാത്രമേ ഉറങ്ങാറുള്ളൂവെന്നും സൂര്യ പറഞ്ഞു.

ഇത്രയും സിനിമകള്‍ താന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിന് കാരണം തന്റെ പങ്കാളിയാണെന്നും അവര്‍ തരുന്ന സപ്പോര്‍ട്ടിലാണ് ഇവിടം വരെ എത്തിയത്‌നെനും സൂര്യ കൂട്ടിച്ചേര്‍ത്തു. തന്നിലെ ബെറ്ററായിട്ടുള്ള വ്യക്തിയെ പുറത്തേക്ക് കൊണ്ടുവന്നത് ജ്യോതികയാണെന്നും അവരുടെ സാന്നിധ്യമില്ലെങ്കില്‍ താന്‍ ശൂന്യമാണെന്നും സൂര്യ പറഞ്ഞു. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിശാഖപട്ടണത്ത് നടന്ന പ്രീ റിലീസ് ഇവന്റിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ആരാണെന്ന് ചോദിച്ചാല്‍ അവരോട് ആദ്യം പറയുന്നത് ശരവണന്‍ എന്നാണ്. എന്റെ അച്ഛനും അമ്മയും വെച്ച പേരാണത്. അത് പിന്നീട് സൂര്യ എന്ന് മാറ്റി. ആ സൂര്യയില്‍ നിന്ന് ഇന്ന് നിങ്ങളുടെ മുന്നില്‍ കാണുന്ന സൂര്യയിലേക്ക് എന്നെ മാറ്റിയെടുത്തത് എന്റെ പങ്കാളിയായ ജ്യോതികയാണ്. ഒരു നല്ല മകന്‍, സഹോദരന്‍, പങ്കാളി എന്നീ നിലകളില്‍ എന്നെ ഇക്കാണുന്നതുപോലെയാക്കിയത് ജ്യോതിക മാത്രമാണ്. അവളില്ലെങ്കില്‍ ഇന്ന് കാണുന്ന ഞാന്‍ ഉണ്ടാകില്ല.

ഇത്രയും സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനും അവള്‍ തന്നെയാണ് കാരണം. എന്താണെന്നാല്‍ ഓരോ സിനിമ ചെയ്യുമ്പോഴും അവര്‍ തരുന്ന സപ്പോര്‍ട്ട് അത്രമാത്രം വലുതാണ്. എന്റെ ഉള്ളിലുള്ള ഏറ്റവും ബെറ്ററായിട്ടുള്ള വ്യക്തിയെ എല്ലാവരിലേക്കും എത്തിച്ചത് അവളാണ്. ഒരിക്കല്‍ കൂടി പറയുകയാണ്, ജ്യോതിക ഇല്ലെങ്കില്‍ സൂര്യ എന്ന വ്യക്തിയില്ല,’ സൂര്യ പറയുന്നു.

Content Highlight: Suriya saying that Jyothika made him to a better person

We use cookies to give you the best possible experience. Learn more