| Tuesday, 12th November 2024, 3:13 pm

ഈ വര്‍ഷം കണ്ടതില്‍ വെച്ച് എന്റെ മനസില്‍ തട്ടിയ സിനിമയാണത്: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ല്‍ റിലീസായവയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് താരം സൂര്യ. ഒരുപാട് നല്ല സിനിമകള്‍ ഇറങ്ങിയ വര്‍ഷമാണിതെന്നും ഒരു സിനിമ മാത്രം അതില്‍ നിന്ന് എടുത്തുപറയാന്‍ പറ്റില്ലെന്നും സൂര്യ പറഞ്ഞു. എന്നിരുന്നാലും മനസിനെ സ്പര്‍ശിച്ച ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ അത് മെയ്യഴകനായിരിക്കുമെന്ന് സൂര്യ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ നിര്‍മാണത്തില്‍ താന്‍ പങ്കാളിയാണെന്നും തന്റെ അനിയനാണ് ആ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. എന്നാല്‍ ഈ കാരണങ്ങള്‍ കൊണ്ടല്ല താന്‍ മെയ്യഴകന്റെ പേര് എടുത്തുപറഞ്ഞതെന്നും സമകാലിക സാഹിത്യമായി കണക്കാക്കാന്‍ കഴിയുന്ന സിനിമയായതുകൊണ്ടാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ കാലത്ത് ഇത്തരത്തില്‍ ഒരു സിനിമ പ്രേക്ഷകരിലേക്കെത്തണമെന്ന ചിന്തയില്‍ നിന്നാണ് താന്‍ മെയ്യഴകന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും സൂര്യ പറഞ്ഞു.

അത്രയും നല്ലൊരു ചിത്രം സമ്മാനിച്ചതിന് താന്‍ ഏറ്റവുമധികം നന്ദി പറയുന്നത് സംവിധായകന്‍ പ്രേം കുമാറിനോടാണെന്നും കഥ കേട്ടപ്പോള്‍ തന്നെ വല്ലാതെ സ്പര്‍ശിച്ചെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. രണ്ട് മണിക്കൂര്‍ സിനിമ ആരെയും ഒറ്റയടിക്ക് നല്ലവനാക്കില്ലെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും എന്നാല്‍ മെയ്യഴകന്‍ എന്ന ചിത്രം തന്റെ ചിന്തകളെ മാറ്റാന്‍ സഹായിച്ചെന്നും സൂര്യ പറഞ്ഞു. കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഐ.എം.ഡി.ബിയില്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

‘ഒരുപാട് നല്ല സിനിമകള്‍ പല ഭാഷകളിലായി റിലീസായ വര്‍ഷമാണ് ഇത്. ഒരു പ്രത്യേക സിനിമ മാത്രം എടുത്തുപറയാന്‍ എനിക്ക് കഴിയില്ല. എന്നിരുന്നാലും എന്നെ വല്ലാതെ ടച്ച് ചെയ്ത ഒരു സിനിമയാണ് മെയ്യഴകന്‍. അതിന്റെ നിര്‍മാണത്തില്‍ ഞാന്‍ പങ്കാളിയായിരുന്നു. എന്റെ അനിയനാണ് ആ സിനിമയില്‍ അഭിനയിച്ചത്. ഈ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല മെയ്യഴകനെപ്പറ്റി ഞാന്‍ സംസാരിക്കുന്നത്. ആ സിനിമ പറയുന്ന തീമിനെപ്പറ്റിയാണ്.

ഒരു സമകാലിക സാഹിത്യം എന്നേ ഞാന്‍ മെയ്യഴകനെപ്പറ്റി പറയുള്ളൂ. അങ്ങനെയാണ് ആ സിനിമയെ കണക്കാക്കേണ്ടതും. ഇന്നത്തെ കാലത്ത് മെയ്യഴകന്‍ പോലൊരു സിനിമ പ്രേക്ഷകരിലേക്കെത്തണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മെയ്യഴകന്‍ പോലൊരു സിനിമ പുറത്തുവന്നതില്‍ ആദ്യം നന്ദി പറയേണ്ടത് സംവിധായകന്‍ പ്രേം കുമാറിനോടാണ്.

അദ്ദേഹം ആ കഥ പറഞ്ഞപ്പോള്‍ തന്നെ അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. രണ്ട് മണിക്കൂര്‍ സിനിമ കൊണ്ട് സമൂഹത്തെ മുഴുവന്‍ നന്നാക്കാന്‍ കഴിയുമെന്ന് കരുതുന്നയാളല്ല ഞാന്‍. പക്ഷേ മെയ്യഴകന്‍ കണ്ടതിന് ശേഷം എന്റെ ചിന്തകളെയും പ്രവൃത്തിയെയും ആ സിനിമ വല്ലാതെ സ്വാധീനിച്ചു എന്ന് തീര്‍ച്ചയായും പറയാന്‍ കഴിയും,’ സൂര്യ പറഞ്ഞു.

Content Highlight: Suriya saying Meiyazhagan is his favorite movie of 2024

We use cookies to give you the best possible experience. Learn more