| Wednesday, 23rd October 2024, 4:31 pm

വെറും അര ദിവസം മാത്രമേ ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചുള്ളൂ, അത് എനിക്ക് തന്ന റീച്ച് വലുതായിരുന്നു: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ അഭിനയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സൂര്യ പിന്നീട് അഭിനയത്തിലും സ്‌ക്രിപ്റ്റ് സെലക്ഷനിലും എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി. ബോക്‌സ് ഓഫീസില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സൂര്യക്ക് എടുത്തുപറയാന്‍ വലിയ ഹിറ്റില്ല. പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയപ്പോള്‍ ഒ.ടി.ടി റിലീസായെത്തിയ സൂരറൈ പോട്രും ജയ് ഭീമും നിരവധി പ്രശംസ സൂര്യക്ക് നല്‍കി.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സൂര്യ നായകനായ ഒരു സിനിമ പോലും തിയേറ്ററിലെത്തിയിട്ടില്ല. 2022ല്‍ റിലീസായ എതര്‍ക്കും തുനിന്തവന് ശേഷം രണ്ട് വര്‍ഷത്തോളം കങ്കുവ എന്ന ചിത്രത്തിനായി സൂര്യ മാറ്റിവെക്കുകയായിരുന്നു. ഇതിനിടയില്‍ കമല്‍ ഹാസന്‍ ചിത്രം വിക്രമിലെ റോളക്‌സ് എന്ന വില്ലന്‍ വേഷം സൂര്യക്ക് വലിയ മൈലേജ് കൊടുത്ത ഒന്നായിരുന്നു. വിക്രമിന്റെ അവസാന അഞ്ച് മിനിറ്റില്‍ വന്ന് കൈയടികള്‍ വാങ്ങിക്കൂട്ടിയ കഥാപാത്രം സൂര്യ ഇതിന് മുമ്പ് ചെയ്യാത്ത തരത്തിലുള്ള ഒന്നായിരുന്നു.

ആ സിനിമയില്‍ വെറും അര ദിവസത്തെ ഷൂട്ട് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത റീച്ചാണ് റോളക്‌സ് തനിക്ക് തന്നതെന്നും സൂര്യ പറഞ്ഞു. ആ കഥാപാത്രത്തെ വെച്ച് ഒരു സ്പിന്‍ ഓഫ് സിനിമ താനും ലോകേഷും പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ഇപ്പോഴുള്ള കമ്മിറ്റ്‌മെന്റ്‌സ് അവസാനിച്ചാല്‍ തങ്ങള്‍ ആ പ്രൊജക്ടിലേക്ക് ഇറങ്ങുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

‘റോളക്‌സിനെപ്പറ്റിയാണ് എവിടെപ്പോയാലും ചോദിക്കുന്നത്. വെറും അരദിവസത്തെ ഷൂട്ട് മാത്രമേ എനിക്ക് വിക്രമില്‍ ഉണ്ടായിരുന്നുള്ളൂ. അപ്പോഴൊന്നും ഇത്രക്ക് റീച്ച് ഈ കഥാപാത്രത്തിന് കിട്ടുമെന്ന് ഞാന്‍ വിചാരിച്ചിട്ടു കൂടിയുണ്ടായിരുന്നില്ല. വിക്രമിന്റെ വിജയത്തിന് ശേഷം ഞാനും ലോകേഷും സംസാരിച്ചിരുന്നു. അപ്പോള്‍ റോളക്‌സിനെ വെച്ച് ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമയെക്കുറിച്ച് ലോകേഷ് പറഞ്ഞു. റോളക്‌സിന്റെ വളര്‍ച്ചയാകും ആ സിനിമയില്‍ കാണിക്കുക.

അതുപോലെ ഇരുമ്പു കൈ മായാവിയുടെ കഥയും ഞങ്ങള്‍ ഡിസ്‌കസ് ചെയ്തിരുന്നു. പിന്നീട് ഞങ്ങള്‍ വേറെ സിനിമകളുടെ തിരക്കിലേക്ക് പോയി. ഇപ്പോഴുള്ള കമ്മിറ്റ്‌മെന്റുകള്‍ അവസാനിച്ചാല്‍ ആ രണ്ട് പ്രൊജക്ടുകളും എന്തായാലും സംഭവിക്കും. ബാക്കി വിവരങ്ങള്‍ വഴിയേ നിങ്ങളെ അറിയിക്കുന്നതാകും,’ സൂര്യ പറയുന്നു.

Content Highlight: Suriya saying he will join with Lokesh for Rolex movie and Irumbu Kai Mayavi

We use cookies to give you the best possible experience. Learn more