| Monday, 23rd September 2024, 9:04 am

സിനിമയെ സിനിമയായി മാത്രം കാണൂ, കളക്ഷനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേറിലൂടെയാണ് സൂര്യ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയത്തിന്റെ പേരില്‍ തുടക്കകാലത്ത് ഏറെ പഴി കേള്‍ക്കേണ്ടി വന്ന സൂര്യ ബാല സംവിധാനം ചെയ്ത നന്ദയിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്തു. പിന്നീട് പിതാമകന്‍, മൗനം പേസിയതേ, ഗജിനി എന്നീ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര നടന്മാരില്‍ ഒരാളായി സൂര്യ മാറി. സൂരറൈ പോട്രിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡും സൂര്യ സ്വന്തമാക്കി.

അഭിനയത്തോടൊപ്പം മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്കെത്തിക്കാന്‍ വേണ്ടി 2ഡി എന്റര്‍ടൈന്മെന്റ്‌സ് എന്ന പേരില്‍ നിര്‍മാണ കമ്പനിയും സൂര്യ ആരംഭിച്ചിട്ടുണ്ട്. കടൈക്കുട്ടി സിങ്കം, സൂരറൈ പോട്ര്, 36 വയതിനിലേ, ജയ് ഭീം, ഉറിയടി 2 എന്നീ സിനിമകള്‍ 2ഡി എന്റര്‍ടൈന്മെന്റ്‌സ് നിര്‍മിച്ച മികച്ച സിനിമകളാണ്. കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മെയ്യഴകനാണ് 2ഡി നിര്‍മിക്കുന്ന പുതിയ ചിത്രം. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നല്ല സിനിമകള്‍ തിയേറ്ററില്‍ എത്തുമ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമേ ആരാധകര്‍ ചെയ്യേണ്ടതുള്ളൂ എന്ന് സൂര്യ പറഞ്ഞു. സിനിമയെ സിനിമയായി മാത്രം കാണാനും കളക്ഷനെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നും പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്താല്‍ മാത്രം മതിയെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. മെയ്യഴകന്‍ പോലെ നല്ല സിനിമകള്‍ വല്ലപ്പോഴും മാത്രമേ സംഭവിക്കുള്ളൂ എന്നും സൂര്യ പറഞ്ഞു.

‘ആരാധകരോട് എനിക്ക് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. സിനിമ കാണുക, നല്ലതാണെങ്കില്‍ സപ്പോര്‍ട്ട് ചെയ്യുക. സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതി. കളക്ഷനെപ്പറ്റി ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ല. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകൊള്ളും. മെയ്യഴകന്‍ പോലെ മികച്ച സിനിമകള്‍ അപൂര്‍വമായി മാത്രമേ സംഭവിക്കുള്ളൂ. അത്തരം സിനിമകളെ സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് സിനിമയെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്,’ സൂര്യപറഞ്ഞു.

ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ ഏറ്റവും പുതിയ റിലീസ്. ത്രീ.ഡിയിലൊരുങ്ങുന്ന ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ 44 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ജോജു ജോര്‍ജ്, ജയറാം, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Suriya’s speech on Meiyazhagan audio launch going viral

We use cookies to give you the best possible experience. Learn more