|

സൂര്യയുടെയും ദുല്‍ഖറിന്റെയും കരിയറിലെ വലിയ നഷ്ടമാകാന്‍ ചാന്‍സുണ്ട്, തീപ്പൊരി ടൈറ്റില്‍ ടീസറുമായി ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ തമിഴ് സിനിമയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നടന്മാരില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ വളരെ വേഗത്തില്‍ തമിഴ് സിനിമാലോകത്ത് തന്റെ സ്ഥാനമുറപ്പിച്ചു. എന്റര്‍ടൈനര്‍ ചിത്രങ്ങളിലൂടെ തമിഴിലെ ടൈര്‍ 2 നടന്മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലെത്താനും ശിവക്ക് സാധിച്ചു.

കഴിഞ്ഞവര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അമരന്റെ വിജയത്തോടെ തന്റെ പ്രേക്ഷകപ്രീതി ശിവകാര്‍ത്തികേയന്‍ ഉയര്‍ത്തി. അമരന്റെ വിജയം വെറും സാമ്പിള്‍ മാത്രമാണെന്ന് തെളിയിക്കുന്നവയാണ് വരാനിരിക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍. എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന എസ്.കെ 23, ഡോണിന് ശേഷം സിബി ചക്രവര്‍ത്തിയുമായി ഒന്നിക്കുന്ന എസ്.കെ. 24 എന്നിവക്ക് മുകളില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

എന്നാല്‍ ആരാധകര്‍ക്ക് പുറമെ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ്.കെ. 25. നിരവധി ദേശീയ അവാര്‍ഡ് നേടിയ സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് എസ്.കെ. 25. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പരാശക്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രവിമോഹനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. തമിഴ് താരം അഥര്‍വ, തെലുങ്ക് താരം ശ്രീലീല എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

1970കളില്‍ ചെന്നൈയിലെ കോളേജുകളില്‍ നടന്ന ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. 2026ല്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യാനിരുന്ന പുറനാനൂറ് എന്ന ചിത്രമാണ് പരാശക്തി എന്ന പേരില്‍ ഒരുങ്ങുന്നത്. സൂര്യക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, വിജയ് വര്‍മ എന്നിവര പ്രധാന കഥാപാത്രങ്ങളാക്കിയാണ് സൂര്യയുടെ 44ാമത് ചിത്രമെന്ന നിലയില്‍ പുറനാനൂറ് അനൗണ്‍സ് ചെയ്തത്. അനൗണ്‍സ്‌മെന്റ് വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പായിരുന്നു ലഭിച്ചത്.

എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് സൂരയ പുറനാനൂറില്‍ നിന്ന് പിന്മാറിയെന്ന് കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു. സൂര്യക്ക് പിന്നാലെ ദുല്‍ഖറും നസ്രിയയും ചിത്രത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെ പുറനാനൂറ് ഔദ്യോഗികമായി ഉപേക്ഷിച്ചു. എന്നാല്‍ ഇതേ സ്‌ക്രിപ്റ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പരാശക്തിയാക്കി മാറ്റിയത്. ടൈറ്റില്‍ ടീസറിന് പിന്നാലെ സൂര്യയുടെയും ദുല്‍ഖറിന്റെയും കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് പരാശക്തിയൈന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.

Content Highlight: Suriya’s Purananooru retitled as Parasakthi starring Sivakarthikeyan