'എനിക്ക് എല്ലാം തന്ന ചിത്രം'; കാക്ക കാക്കയുടെ 20ആം വര്‍ഷത്തില്‍ വൈറലായി സൂര്യയുടെ പോസ്റ്റ്
Entertainment news
'എനിക്ക് എല്ലാം തന്ന ചിത്രം'; കാക്ക കാക്കയുടെ 20ആം വര്‍ഷത്തില്‍ വൈറലായി സൂര്യയുടെ പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st August 2023, 10:23 pm

ഗൗതം മേനോന്റെ സംവിധാനത്തില്‍ 2003ല്‍ റിലീസായി വമ്പന്‍ ഹിറ്റായ സൂര്യ ചിത്രമാണ് കാക്ക കാക്ക. അന്‍ബ് സെല്‍വന്‍ എന്ന പൊലീസ് ഓഫിസറായിട്ടാണ് സൂര്യ ചിത്രത്തില്‍ എത്തിയത്.

താരത്തിന്റെ അന്നേവരെ കാണാത്ത വേറിട്ട ഗെറ്റപ്പ് തിയേറ്ററില്‍ സിനിമാപ്രേമികള്‍ ആഘോഷമാക്കുകയാണ് ഉണ്ടായത്.

ഇപ്പോഴിതാ കാക്ക കാക്ക റിലീസായി 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

തനിക്ക് എല്ലാം തന്ന ചിത്രമാണ് കാക്ക കാക്കയെന്നും, അന്‍ബ് സെല്‍വന്‍ എന്ന കഥാപാത്രം എപ്പോഴും തനിക്ക് പ്രിയപ്പെട്ടതാകും എന്നാണ് കുറിപ്പില്‍ സൂര്യ പറയുന്നത്.

‘എനിക്ക് എല്ലാം തന്ന ചിത്രമാണ് കാക്ക കാക്ക, അന്‍ബ് സെല്‍വന്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് തന്നെ ഇരിക്കും ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. കൂടെ അഭിനയിച്ചവര്‍ക്കും, ഗൗതം വാസുദേവ് മേനോനും ഞാന്‍ നന്ദി പറയുന്നു,’ സൂര്യ പറഞ്ഞു.


കാക്ക കാക്ക റി റീലീസ് ചെയ്യണമെന്ന് നിരവധി ആരാധകര്‍ സൂര്യ പങ്കുവെച്ച പോസ്റ്റിന് കമെന്റ് ആയി ആവശ്യപ്പെടുന്നുണ്ട്.
ചിത്രത്തിന്റെ 20 വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

അതേസമയം ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ അടുത്തതായി പുറത്ത് വരാനിരിക്കുന്ന ചിത്രം.
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക. രജനികാന്ത് നായകനായ അണ്ണാത്തയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് കങ്കുവ നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Content Highlight: suriya’s post on Kaakha Kaakha 20th year goes viral on social media