തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ അഭിനയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സൂര്യ പിന്നീട് അഭിനയത്തിലും സ്‌ക്രിപ്റ്റ് സെലക്ഷനിലും എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.
കഴിഞ്ഞ ദിവസം നടന്ന കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ സൂര്യയെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛനും പഴയകാല നടനുമായ ശിവകുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സൂര്യയുടെ കോളേജ് കാലഘട്ടത്തിലെ ഓര്‍മകളാണ് ശിവകുമാര്‍ പങ്കുവെച്ചത്. ചെന്നൈയയിലെ പ്രശസ്തമായ ലൊയോള കോളേജിലാണ് സൂര്യക്ക് ബി.കോമിന് അഡ്മിഷന്‍ വാങ്ങാന്‍ പോയതെന്ന് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ആദ്യം ചെന്നപ്പോള്‍ സൂര്യക്ക് അഡ്മിഷന്‍ കൊടുക്കില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് താന്‍ അദ്ദേഹത്തെപ്പോയി കണ്ടെന്നും അദ്ദേഹം തന്നോട് ശിവാജി ഗണേശന്റെയും മറ്റ് നടന്മാരുടെയും മക്കള്‍ ഡിഗ്രി പൂര്‍ത്തിയാക്കിയില്ലെന്നും സൂര്യയും അതുപോലെയാകുമെന്ന് പറഞ്ഞെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ സൂര്യ ഡിഗ്രി പൂര്‍ത്തിയാക്കുമെന്ന് താന്‍ കൊടുത്ത ഉറപ്പിന്മേല്‍ അഡ്മിഷന്‍ കിട്ടിയെന്നും എന്നാല്‍ അവസാനവര്‍ഷം സൂര്യക്ക് നാല് സപ്ലി ഉണ്ടായിരുന്നെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഉറക്കമൊഴിച്ചിരുന്ന് പഠിച്ച് സൂര്യ ബി.കോം പൂര്‍ത്തിയാക്കിയെന്നും ശിവകുമാര്‍ പറഞ്ഞു.
‘സൂര്യയുടെ ഡിഗ്രി പഠനം ചെന്നൈ ലൊയോള കോളേജിലായിരുന്നു. ഒരുപാട് വലിയ ആളുകള്‍ പഠിച്ചിറങ്ങിയ കോളേജാണ് അത്. എന്നാല്‍ ആദ്യം പോയപ്പോള്‍ അഡ്മിഷന്‍ തരില്ലെന്ന് അവിടത്തെ പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്താണ് കാര്യമെന്ന് അറിയാന്‍ ഞാന്‍ പ്രിന്‍സിപ്പലിനെ കാണാന്‍ ചെന്നു. പുള്ളി എന്നോട് ‘ശിവാജി ഗണേശന്റ മകന്‍ ഡിഗ്രി കംപ്ലീറ്റാക്കിയില്ല, ബാലാജിയുടെ മകനും അതുപോലെയാണ്, സൂര്യയും ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ സാധ്യതയില്ല’ എന്ന് പറഞ്ഞു. അവസാനം എന്റെ ഉറപ്പിന്റെ പുറത്ത് സൂര്യക്ക് അവിടെ അഡ്മിഷന്‍ കിട്ടി.
പക്ഷേ ഫൈനല്‍ ഇയറില്‍ സൂര്യക്ക് നാല് പേപ്പര്‍ സപ്ലി ഉണ്ടായിരുന്നു. അഡ്മിഷന്റെ സമയത്ത് പ്രിന്‍സിപ്പല്‍ പറഞ്ഞത് സത്യമാകുമോ, ഇവന്‍ ഡിഗ്രി കംപ്ലീറ്റ് ചെയ്യുമോ എന്നൊക്കെ പേടിച്ചു. എന്നാല്‍ ഉറക്കമൊഴിച്ചിരുന്ന് പഠിച്ച് അവന്‍ നാല് പേപ്പറും എഴുതിയെടുത്തു. അവനെക്കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്ന കാര്യം ചെയ്ത് കാണിക്കുന്നതാണ് അന്നുമുതലേയുള്ള ശീലം,’ ശിവകുമാര്‍ പറയുന്നു.
Content Highlight: Suriya’s father Sivakumar’s speech on Kanguva Audio launch gone viral