തമിഴിലെ മികച്ച നടന്മാരില് ഒരാളാണ് സൂര്യ. മണിരത്നം നിര്‍മിച്ച നേര്‍ക്കു നേര് എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ അഭിനയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സൂര്യ പിന്നീട് അഭിനയത്തിലും സ്ക്രിപ്റ്റ് സെലക്ഷനിലും എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.
കഴിഞ്ഞ കുറച്ചുകാലങ്ങളായി സൂര്യയുടെ ബോളിവുഡ് എന്‍ട്രിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സിനിമാലോകത്ത് സജീവമാണ്. സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കായ സര്ഫിറയില് സൂര്യയും നിര്മാണപങ്കാളിയായിരുന്നു. ചിത്രത്തില്‍ സൂര്യ അതിഥിവേഷത്തിലെത്തിയിരുന്നു. പിന്നീട് ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസിയായ ധൂമിന്റെ നാലാം ഭാഗത്തില്‍ ഷാരൂഖും സൂര്യയും എത്തിയേക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന കര്‍ണനിലും സൂര്യ പ്രത്യക്ഷപ്പെടുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 500 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രമാകും കര്‍ണനെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകനും ഇക്കാര്യ തള്ളിക്കളയാതിരുന്നതോടെ റൂമറുകള്‍ വീണ്ടും ശക്തമായി. ഇപ്പോഴിതാ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ.
താന്‍ ഒരു ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നും കഴിഞ്ഞ ഒരു വര്‍ഷമായി അതിന്റെ ഡിസ്കഷനിലാണെന്നും സൂര്യ പറഞ്ഞു. അധികം വൈകാതെ ആ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ഔദ്യോഗികമായി അറിയിക്കുന്നതാണ് അതിന്റെ ഭംഗിയെന്നും താന്‍ പറയുന്നത് ശരിയല്ലെന്നും സൂര്യ പറഞ്ഞു. കര്‍ലി ടെയ്ല്സിന് നല്കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
‘ബോളിവുഡ് ഇന്‍സ്ട്രിയുടെ ഭാഗമാകാന്‍ എനിക്കും ഇഷ്ടമാണ്. ഇവിടെയുള്ള ടെക്നീഷ്യന്മാരെല്ലാം വളരെയധികം ടാലന്റുള്ളവരാണ്. അവരോടൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അധികം വൈകാതെ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകും. നിങ്ങള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഏത് സിനിമയെക്കുറിച്ചാണെന്ന് കൃത്യമായി അറിയില്ല. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു കഥ എനിക്ക് വേണ്ടി തയാറാക്കുന്നുണ്ട്. ആ പ്രൊജക്ടിന്റെ നിര്‍മാതാവ് ഔദ്യേഗികമായി അറിയിക്കുന്നതാണ് അതിന്റെ ഭംഗി,’ സൂര്യ പറയുന്നു.
Content Highlight: Suriya reveals about his Bollywood debut