| Tuesday, 17th September 2019, 12:05 am

ഗാന്ധിയെ വധിച്ച ഗോഡ്‌സെയല്ല അതിന് പിന്നിലുള്ള ശക്തികളെയാണ് എതിര്‍ക്കേണ്ടതെന്ന് സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ഗാന്ധിയെ വധിച്ച ഗോഡ്‌സെയല്ല അതിന് പിന്നിലുള്ള ശക്തികളെയാണ് എതിര്‍ക്കേണ്ടതെന്ന് നടന്‍ സൂര്യ. പുതിയ ചിത്രമായ കാപ്പാന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ചാണ് സൂര്യ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു സൂര്യയുടെ മറുപടി.

‘ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അതേ ചൊല്ലി ഇന്ത്യയില്‍ വ്യാപകമായി ജാതി-മത സംഘര്‍ഷങ്ങളുണ്ടായി. ഗോഡ്‌സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്പോള്‍ പെരിയാര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘ഗോഡ്‌സെയുടെ തോക്ക് കൊണ്ടു വരൂ നമ്മുക്ക് അത് നൂറ് കക്ഷണങ്ങളായി നശിപ്പിച്ച് പ്രശ്‌നം പരിഹരിക്കാം’

പെരിയാര്‍ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ ചുറ്റുമുള്ളവര്‍ നിന്നപ്പോള്‍ പെരിയാര്‍ അവരോട് പറഞ്ഞു; ഗാന്ധിജിയുടെ മരണത്തിന് ഗോഡ്‌സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. അയാള്‍ ഒരു ആയുധം മാത്രമാണ്. അയാളെ
പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍. പെരിയാറിന്റെ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.’-സൂര്യ പറഞ്ഞു.

സൂര്യയ്ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാപ്പാന്‍ സെപ്റ്റംബര്‍ 20-നാണ് റിലീസ് ചെയ്യുക. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

എന്‍.എസ്.ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. ‘അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാന്‍.

We use cookies to give you the best possible experience. Learn more