കോഹ്‌ലിയെ മറികടക്കാന്‍ സൂര്യക്ക് ഇനി 60 റണ്‍സിന്റെ ദൂരം മാത്രം
Sports News
കോഹ്‌ലിയെ മറികടക്കാന്‍ സൂര്യക്ക് ഇനി 60 റണ്‍സിന്റെ ദൂരം മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th November 2023, 7:28 pm

നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-ട്വന്റി പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. നവംബര്‍ 28ന് ബര്‍സാപരാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസീസിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരം നടക്കാനിരിക്കുകയാണ്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. 190.48 സ്‌ട്രൈക്ക് റേറ്റില്‍ നാല് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമുള്‍പ്പെടെയാണ് 80 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനം നടത്തിയത്. രണ്ടാം മത്സരത്തില്‍ 10 പന്തില്‍ 19 റണ്‍സാണ് സ്‌കൈ നേടിയത്. ഇതോടെ തന്റെ കന്നി ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായ രണ്ട് വിജയമാണ് സ്‌കൈ നേടിയത്.

മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിന് പുറമെ നടക്കാനിരിക്കുന്ന മത്സരത്തില്‍ 60 റണ്‍സ് നേടിയാല്‍ സൂര്യയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡാണ്. ഇതോടെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററായ വിരാട് കോഹ്‌ലിയുടെ ദീര്‍ഘകാല റെക്കോഡ് തകര്‍ക്കാനുള്ള സൂര്യയുടെ അവസരമാണ് ഈ മത്സരം.

ടി-ട്വന്റിയില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് കിട്ടുന്ന താരം ആകാന്‍ 60 റണ്‍സ് അകലെയാണ് സൂര്യ. സ്‌കൈ 55 മത്സരങ്ങളില്‍ നിന്ന് 1940 റണ്‍സ് നേടിയപ്പോള്‍ 2019ല്‍ ഇംഗ്ലണ്ടിനെതിരെ വിരാട് 56 മത്സരങ്ങളില്‍ നിന്നാണ് ഈ റെക്കോഡ് പിന്നിട്ടത്. 52 മത്സരത്തില്‍ നിന്നും ഈ ചരിത്രം നേട്ടം കൈവരിച്ചത് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ്. അതേസമയം മുഹമ്മദ് റിസ്വാനും ഈ നേട്ടം 52 മത്സരത്തില്‍ നിന്നും കൈവരിച്ചിരുന്നു.

ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടി-ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും സൂര്യ നേടിയിരുന്നു. 54 മത്സരങ്ങളില്‍ നിന്നും 108 സിക്സറുകളാണ് അദ്ദേഹം നേടിയെടുത്തത്.

 

Content Highlight: Suriya is only 60 runs away from surpassing Kohli