| Monday, 15th November 2021, 10:13 am

രാജാക്കണ്ണിന്റെ പാര്‍വതിക്ക് സൂര്യയുടെ സഹായം;10 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ജ്ഞാനവേലിന്റെ സംവിധാനത്തില്‍ നടന്‍ സൂര്യ നിര്‍മിച്ച് അഭിനയിച്ച ‘ജയ് ഭീം’ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോള്‍ പാര്‍വതി അമ്മാളിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. ഇവരുടെ പേരില്‍ 10 ലക്ഷം രൂപ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ സൂര്യ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ ഇട്ടിരിക്കുകയാണെന്നും ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തുമെന്നും മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപ സൂര്യ നല്‍കിയിരുന്നു. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് നല്‍കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.

‘ജയ് ഭീമിലെ’ സെന്‍ഗിണി എന്ന കഥാപാത്രമാണ് പാര്‍വതിയുടെ ജീവിതം പറഞ്ഞത്. എന്നാല്‍ സിനിമയിലെ സെന്‍ഗിണിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാര്‍വതിയുടെ ഇപ്പോഴത്തെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബവുമായി താമസിക്കുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ മലയാളി താരം ലിജോ മോള്‍ ആയിരുന്നു സെന്‍ഗിണിയായി വേഷമിട്ടത്. രാജാക്കണ്ണായി മണികണ്ഠനും അഭിഭാഷകന്‍ ചന്ദ്രുവായി സൂര്യയുമാണ് വേഷമിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more