സൗത്ത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരാണ് സൂര്യയും റാം ചരണും. ഏത് കഥാപാത്രത്തെയും അനായാസം ചെയ്ത് ഫലിപ്പിക്കുന്നതിലൂടെ ആരാധകരെ സമ്പാദിച്ച സൂര്യയും പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ ധീര, ആര്‍.ആര്‍.ആര്‍ എന്നിവയിലൂടെ തെലുങ്കിലെ മുന്‍നിരയിലേക്കെത്തിയ റാം ചരണും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സിനിമാലോകത്ത് നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്
മഫ്തി എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നാരതനാണ് ചിത്രം സംവിധാനം ചെയ്യുക. നാരതന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ തിയേറ്ററുകള്‍ കീഴടക്കി മുന്നേറുന്ന ഭൈരതി രണഗല്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് നാരതന്‍ ഇക്കാര്യം പറഞ്ഞത്.
കന്നഡയിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ കെ.വി.എന്‍. പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുക. തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി 69ഉം, കെ.ജി.എഫിന് ശേഷം യഷ് നായകനാകുന്ന ടോക്‌സിക്കും നിര്‍മിക്കുന്നത് കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ്. ഭൈരതി രണഗല്ലിന് മുമ്പ് തന്നെ താന്‍ ഈ കഥ നിര്‍മാതാക്കളോട് പറഞ്ഞിരുന്നെന്നും 2025ല്‍ ചെയ്യാമെന്ന് സമ്മതിച്ചെന്നും നാരതന്‍ പറഞ്ഞു.
‘ഭൈരതി രണഗലിന് മുമ്പ് തന്നെ ഞാന്‍ റാം ചരണ്‍ സാറിനോടും സൂര്യ സാറിനോടും കഥ പറഞ്ഞിരുന്നു. അവര്‍ക്ക് അന്ന് ആ കഥ വളരെയധികം ഇഷ്ടമായി. പിന്നീടാണ് ഞാന്‍ രണഗല്ലിന്റെ വര്‍ക്കുകളിലേക്ക് ഇറങ്ങിയത്. ഇപ്പോഴുള്ള ഏറ്റവും വലിയ അഡ്വാന്റേജ് എന്താണെന്ന് വെച്ചാല്‍ ഭാഷ ഒരു പ്രശ്‌നമല്ല എന്നതാണ്. അതുകൊണ്ട് ഏത് ഭാഷയിലുള്ള നടനെയും എല്ലാവരും സ്വീകരിക്കും. കെ.വി.എന്നിന്റെ ടീമിനം കഥ ഇഷ്ടമായിട്ടുണ്ട്. 2025ല്‍ ഷൂട്ട് തുടങ്ങുമെന്നാണ് കരുതുന്നത്,’ നാരതന്‍ പറയുന്നു.
കന്നഡ സൂപ്പര്‍സ്റ്റാറായ ശിവരാജ്കുമാറിന് കേരളത്തിലും ആരാധകരെ ഉണ്ടാക്കിയെടുത്ത ചിത്രമാണ് മഫ്തി. ശിവരാജ് കുമാറിനൊപ്പം ശ്രീ മുരളിയും പ്രധാന വേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായി മാറി. മഫ്തിയുടെ പ്രീക്വലായാണ് ഭൈരതി രണഗല്‍ ഒരുങ്ങിയത്. ശിവരാജ് കുമാറിനൊപ്പം രുക്മിണി വസന്ത്, രാഹുല്‍ ബോസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Suriya and Ram Charan joining hands for a movie directed by Narathan