| Friday, 5th November 2021, 11:01 am

'അധികാരം വെറും പദവി മാത്രമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു'; സ്റ്റാലിനില്‍ പ്രതീക്ഷയുണ്ടെന്ന് സൂര്യയും ജ്യോതികയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നടപടിയെ അഭിന്ദിച്ച് സൂര്യയും ജ്യോതികയും. എം.കെ. സ്റ്റാലിന്റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു സൂര്യയുടെ അഭിനന്ദനം. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു ജ്യോതികയുടെ പ്രതികരണം.

എം.കെ. സ്റ്റാലിന്‍ ഗോത്രവര്‍ഗക്കാരുടെ വീട് തേടിയെത്തി നല്‍കിയത് വെറും പട്ടയം മാത്രമല്ലെന്നും അതൊരു പ്രതീക്ഷയാണെന്നും സൂര്യ പറഞ്ഞു. കാലങ്ങളായി തുടരുന്ന ഗോത്രവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും സൂര്യ എഴുതി.

സത്യം നടപ്പാക്കുന്നതാണ് നീതിയെന്നും അത് സ്റ്റാലിന്‍ തെളിയിച്ചെന്നും ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ എഴുതി. പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ ഉടനെടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങള്‍ തെളിയിച്ചെന്നും ജ്യോതിക പറഞ്ഞു.

വരുന്ന തലമുറയ്ക്ക് പ്രചോദനമാകുന്നതിന് നന്ദി. അംബേദ്കറിന്റെ വിശ്വാസം യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളാണ്.

ഒരു പൗര എന്ന നിലയ്ക്ക് മാത്രമല്ല, ദിവ്യയുടെയും ദേവിന്റെയും അമ്മ എന്ന നിലയ്ക്ക് കൂടിയാണ് ഇത് പറയുന്നതെന്നും ജ്യോതിക ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു.

അതേസമയം, ജാതിവിവേചനത്തെ തുടര്‍ന്ന് അന്ന ദാനത്തിനിടെ ക്ഷേത്രത്തില്‍ നിന്നിറക്കിവിട്ട നരിക്കുറവര്‍ വിഭാഗത്തിലെ അശ്വനിയുടെ വീട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അശ്വനിയുടെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. മുത്തുമണി മാലയും പൊന്നാടയും അണിയിച്ചാണ് അശ്വനി സ്റ്റാലിനെ സ്വീകരിച്ചത്.

ഈ അടത്ത് ആമസോണിലൂടെ റിലീസായ ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ നായകനായ ‘ജയ് ഭീം’ എന്ന സിനിമ ജാതിരാഷ്ട്രീയം സംബന്ധച്ച് കൂടുല്‍ ചര്‍ച്ചതള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. നേരത്തെ ‘ജയ് ഭീം’ സിനിമ തനിക്ക് ഒരുപാട് പ്രചോദനമായതായി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

നരിക്കുറവര്‍, ഇരുളര്‍ ജാതികളില്‍ പെട്ട 282 പേര്‍ക്ക് വേണ്ടി 4.53 കോടിയുടെ പദ്ധതികളാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രദേശത്തെ 81 നരിക്കുറവര്‍-ഇരുളര്‍ കുടുംബങ്ങള്‍ക്ക് സ്റ്റാലിന്‍ പട്ടയം നല്‍കി. അംഗനവാടി, പഞ്ചായത്ത് യൂണിയന്‍ സ്‌കൂള്‍ എന്നിവ നിര്‍മ്മിക്കാനും 10 ലക്ഷം രൂപയുടെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടത്താനും തമിഴ്‌നാട് മുഖ്യമന്ത്രി ഉത്തരവിട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Suriya and Jyothika applaud Tamil Nadu Chief Minister M.K. Stalin

We use cookies to give you the best possible experience. Learn more