|

ഒരുപാട് കാലത്തിന് ശേഷം കാര്‍ത്തിയുടെ ആ സിനിമ കണ്ട് ഞാനവനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ആദ്യകാലത്തെ സിനിമകളിലെ അഭിനയത്തിന് സൂര്യക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് സൂര്യ നടന്നുകയറി. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ കാര്‍ത്തിയും സിനിമാലോകത്തേക്ക് വരവറിയിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടുകയും ചെയ്തു.

കാര്‍ത്തി നായകനായ കടൈക്കുട്ടി സിങ്കത്തില്‍ സൂര്യ അതിഥിവഷത്തിലെത്തിയിരുന്നെങ്കിലും ഇരുവരും ഒന്നിച്ചുള്ള സിനിമ ആരാധകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിലൂടെ ഇരുവരെയും ഒരു സിനിമാറ്റിക് യൂണിവേഴ്‌സില്‍ എത്തിച്ചു. കൈതി 2വില്‍ ഇരുവരും തമ്മിലുള്ള സീനിന് ആരാധകര്‍ കാത്തിരിക്കുകയാണ്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ മെയ്യഴകന്റെ ഓഡിയോ ലോഞ്ചിന് സൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ചിത്രത്തിന്റെ ഫൈനല്‍ കട്ട് കഴിഞ്ഞ ദിവസം കണ്ടുവെന്നും നെഞ്ചില്‍ കല്ല് കയറ്റിവെച്ച ഫീലായിരുന്നു തനിക്ക് വന്നതെന്നും സൂര്യ പറഞ്ഞു. വീട്ടിലെത്തിയ ശേഷം നേരെ ചെന്ന് കാര്‍ത്തിയെ കെട്ടിപ്പിടിച്ചെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. പരുത്തിവീരന് ശേഷം കാര്‍ത്തിയുടെ ഒരു സിനിമ കണ്ട് കെട്ടിപ്പിടിച്ചത് മെയ്യഴകന്‍ കണ്ടിട്ടാണെന്നും കാര്‍ത്തിയെപ്പോലെ അരവിന്ദ് സ്വാമിയും തന്റെ ഹൃദയം കീഴടക്കിയെന്നും സൂര്യ പറഞ്ഞു. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്യഴകന്‍.

‘ഈ ഓഡിയോ ലോഞ്ചിന് നില്‍ക്കുമ്പോള്‍ ഇത്രയും മികച്ചൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവനാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ഫൈനല്‍ കട്ട് ഞാന്‍ കണ്ടിരുന്നു. സിനിമ തീര്‍ന്നപ്പോള്‍ നെഞ്ചില്‍ ഒരു വലിയ കല്ല് കയറ്റിവെച്ച ഫീലായിരുന്നു. അത്രമാത്രം എന്നെ സ്പര്‍ശിച്ച സിനിമയാണിത്. സിനിമ കണ്ട് വീട്ടിലെത്തിയ ശേഷം നേരെ പോയി കാര്‍ത്തിയെ കെട്ടിപ്പിടിച്ചു.

ഇതിന് മുമ്പ് അവന്റെ സിനിമ കണ്ട് കെട്ടിപ്പിടിച്ചത് പരുത്തിവീരന്‍ റിലീസായപ്പോഴായിരുന്നു. കാര്‍ത്തിയുടെ കരിയറിലെ മികച്ച സിനിമകളില്‍ ഇനി മെയ്യഴകനുമുണ്ടാകും. കാര്‍ത്തിയെപ്പോലെ ഈ സിനിമയില്‍ എന്റെ ഹൃദയം കീഴടക്കിയ ആളാണ് അരവിന്ദ് സ്വാമി. അദ്ദേഹത്തെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല,’ സൂര്യ പറഞ്ഞു.

Content Highlight: Suriya about Karthi’s perfomance in Meiyazhagan movie