Advertisement
Film News
കളര്‍ഫുള്‍ കുപ്പായത്തില്‍ കലിപ്പ് ലുക്കുമായി സൂര്യ ആന്‍ഡമാനില്‍, പടം തുടങ്ങിയെന്ന് കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 02, 03:04 pm
Sunday, 2nd June 2024, 8:34 pm

തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്മെന്റായിരുന്നു സൂര്യയുടെ 44ാം സിനിമയുടേത്. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജാണ് സൂര്യ 44ന്റെ സംവിധായകന്‍. ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് ഒരുക്കുന്ന ചിത്രമാണ് ഇത്. സൂരറൈ പോട്രിന് ശേഷം സൂര്യയും സുധാ കൊങ്കരയും ഒന്നിക്കുന്ന ചിത്രം വൈകുന്ന വേളയിലാണ് കാര്‍ത്തിക് സുബ്ബരാജുമായി താരം കൈകോര്‍ക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയെന്ന വിവരം ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിലെ ആദ്യ ഷോട്ട് പുറത്തുവിട്ടുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നായ ആന്‍ഡമാനിലെ സീനാണ് പുറത്തുവിട്ടത്.

കടലിനഭിമുഖമായി ഇരിക്കുന്ന സൂര്യയുടെ ബാക്ക് ഷോട്ടാണ് ആദ്യം കാണിക്കുന്നത്. പിന്നീട് സൂര്യ തിരിഞ്ഞു നോക്കുകയും മുഖഭാവം മാറുകയും ചെയ്യുന്നുണ്ട്. ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിലാണ് താരം ചിത്രത്തില്‍ വരുന്നത്. 1980കളില്‍ നടക്കുന്ന കഥയാണെന്നാണ് ലുക്കും വേഷവിധാനങ്ങളും സൂചിപ്പിക്കുന്നത്.

തെലുങ്ക് താരം പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായിക. മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗമേ തന്തിരത്തിന് ശേഷം ജോജുവും കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്രമാണിത്. സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്‌റ്റോണ്‍ബെഞ്ച് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Suriya 44 shoot begins in Andaman