| Tuesday, 23rd July 2024, 8:07 am

റോളക്‌സിന്റെ അപ്പനായിട്ട് വരും, സൂര്യയുടെ പിറന്നാള്‍ദിനത്തില്‍ ആരാധകര്‍ക്ക് തീപ്പൊരി പ്രൊമോ സമ്മാനിച്ച് കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു സൂര്യയുടെ 44ാം സിനിമയുടേത്. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജാണ് സൂര്യ 44ന്റെ സംവിധായകന്‍. ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് ശേഷം കാര്‍ത്തിക് ഒരുക്കുന്ന ചിത്രമാണ് ഇത്. സൂരറൈ പോട്രിന് ശേഷം സൂര്യയും സുധാ കൊങ്കരയും ഒന്നിക്കുന്ന പുറനാനൂറ് വൈകുന്ന വേളയിലാണ് കാര്‍ത്തിക് സുബ്ബരാജുമായി താരം കൈകോര്‍ക്കുന്നത്.

സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പ്രൊമോ സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തിയിരിക്കുകയാണ്. അര്‍ധരാത്രി 12.12നാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടത്. ഗ്യാങ്സ്റ്റര്‍ ഴോണറില്‍ പെടുന്ന സിനിമയാണെന്നാണ് പ്രൊമോ നല്‍കുന്ന സൂചന. ആന്‍ഡമാന്‍ ദ്വീപില്‍ ചിത്രീകരിച്ച സീക്വന്‍സാണ് പ്രൊമോയിലുള്ളത്. ലവ്, ലാഫ്റ്റര്‍, വാര്‍ ( പ്രണയം, ചിരി, യുദ്ധം) ഇതെല്ലാം ഒരാള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നാണ് പ്രമോ വീഡിയോയിലെ വാചകം.

മുഖത്ത് ചോരയുമായി സിഗരറ്റ് വലിച്ചുവരുന്ന സൂര്യയെ പ്രൊമോയില്‍ കാണാന്‍ സാധിക്കും. സന്തോഷ് നാരായണന്റെ സംഗീതം വീഡിയോയെ മറ്റൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രത്തിന് മുകളില്‍ നില്‍ക്കുന്ന ഒന്നാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടു. തമിഴ് സിനിമയില്‍ ഈയടുത്ത് വന്ന ഏറ്റവും മികച്ച പ്രൊമോ എന്നാണ് സിനിമാലോകം വിശേഷിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആന്‍ഡമാനിലായിരുന്നു. വ്യത്യസ്തമായ ലുക്കില്‍ സൂര്യയെ അവതരിപ്പിച്ച ഫസ്റ്റ് ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ ചെന്നൈയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സൂര്യ 44 എന്ന് താത്കാലികമായി ടൈറ്റില്‍ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ഉടനെ ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

തെലുങ്ക് താരം പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ നായിക. മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗമേ തന്തിരത്തിന് ശേഷം ജോജുവും കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്രമാണിത്. സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റ്സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ച് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Suriya 44 promo video highly discussed in social media

We use cookies to give you the best possible experience. Learn more