| Tuesday, 17th September 2019, 1:16 pm

സര്‍ജിക്കല്‍ സ്‌ട്രൈക്കും വ്യോമാക്രമണവും ജനങ്ങളെ സന്തോഷിപ്പിക്കും; ലോകം നമ്മെ ശ്രദ്ധിക്കുകയും ചെയ്യും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തുന്നത് ജനങ്ങള്‍ക്ക് വലിയ സന്തോഷവും ആഹ്ലാദവും പകരുമെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ അസാധ്യ ധൈര്യം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ (എഐഎംഎ) പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

”സര്‍ജിക്കല്‍ സ്ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവും നല്‍കുന്നുണ്ടെങ്കിലും തെറ്റായ കണക്കുകൂട്ടലുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതിനാല്‍ അത്തരമൊരു തീരുമാനമെടുക്കുന്നതിന് അപാരമായ ധൈര്യം ആവശ്യമാണ്’- എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച അമിത് ഷാ അവര്‍ക്ക് എടുത്തു പറയാവുന്ന അഞ്ച് തീരുമാനങ്ങള്‍ പോലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശിച്ചു.

”സര്‍ക്കാരുകള്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചു, അവര്‍ക്ക് ഇപ്പോഴും അവരെടുത്ത അഞ്ച് വലിയ തീരുമാനങ്ങള്‍ ഏതെന്ന് പറയാന്‍ കഴിയില്ല, അതേസമയം മോദി സര്‍ക്കാര്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുകയും 50 വലിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു,” ഷാ പറഞ്ഞു.

ജനങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും ജനങ്ങള്‍ക്ക് നല്ലത് മാത്രം ചെയ്യാന്‍ വേണ്ടിയാണ് പല തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ജിക്കല്‍ സ്ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ കടുത്ത തീരുമാനങ്ങള്‍ ഞങ്ങള്‍ എടുത്തിട്ടുണ്ട്. അവ വലിയ തീരുമാനങ്ങളുമായിരുന്നു. ഒരിഞ്ച് സ്ഥലത്തിന്റെ കാര്യത്തില്‍ പോലും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. വ്യോമാക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും ലോകം നമ്മെ നോക്കുന്ന രീതിയെ മാറ്റിമറിച്ചു. ഇവിടെ ആഭ്യന്തര സുരക്ഷാ നയമോ പ്രതിരോധ നയമോ ഇല്ല.

സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ യഅപഹാസ്യമാണെന്ന് ധാരാളം ആളുകള്‍ എന്നോട് പറഞ്ഞു. എന്നാല്‍ വ്യോമാക്രമണത്തിന് ശേഷം അവര്‍ പറഞ്ഞത് അത് ഒരു നയമാണെന്നും ഒരു സൈനികന്‍ മരിച്ചാലും അത് ഞങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നുമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചും അമിത് ഷാ വിശദീകരിച്ചു. ‘ഇത് എങ്ങനെ ചെയ്യുമെന്നായിരുന്നു ആളുകള്‍ കാലങ്ങളായി ചോദിച്ചുകൊണ്ടിരുന്നത്.ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി തീരുമാനമെടുത്തു. ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 17 വരെ കശ്മീരില്‍ ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയെന്നത് ബി.ജെ.പിയുടെ മാത്രം ആവശ്യമായിരുന്നില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു.

ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 17 വരെ ഒരു വെടിവെപ്പോ അക്രമമോ ഇല്ലാതെ ഞങ്ങള്‍ അവിടെ സമാധാനം പുലര്‍ത്തിയിട്ടുണ്ടെന്ന് ഇന്ന് ഞങ്ങള്‍ക്ക് സംതൃപ്തിയോടെ പറയാന്‍ കഴിയും. ഒരു മരണം പോലും അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല- എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ബി.ബി.സിയും വാഷിങ്ടണ്‍ പോസ്റ്റും അല്‍ജസീറയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

പ്രതിഷേധിക്കുന്നരെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയും കസ്റ്റഡിയില്‍ എടുത്തും പീഡിപ്പിക്കുകയാണെന്നും കുട്ടികളെ ഉള്‍പ്പെടെ വീടുകളില്‍ കയറി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുപോകുകയാണെന്നമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ട വാര്‍ത്തയും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more