national news
സ്വയം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും രാജ്യം തയ്യാര്‍; പുതിയ ഇന്ത്യയുടെ മുഖമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെളിപ്പെടുത്തിയതെന്ന് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 28, 06:43 pm
Saturday, 29th September 2018, 12:13 am

ന്യൂദല്‍ഹി: 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പുതിയ ഇന്ത്യയുടെ മുഖമാണ് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയതെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. സ്വയം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ രാജ്യം തയ്യാറാണെന്നതിന്റെ വ്യക്തമായ സൂചനയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി നല്‍കിയതെന്നും രണ്ടാം വാര്‍ഷിക ദിനത്തില്‍ മന്ത്രി പറഞ്ഞു.

സായുധ സേനയുടെ സേവനങ്ങളെക്കുറിച്ച് പൗരന്മാര്‍ക്കും യുവാക്കള്‍ക്കും അറിവുണ്ടാക്കേണ്ടതുണ്ട്. മറ്റൊരു രാജ്യത്തെയും ആക്രമിച്ചിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യ. അത് നമ്മുടെ മേന്മയാണ്, ബലഹീനതയല്ല. ജീവന്‍ പണയം വെച്ചാണ് ഇന്ത്യന്‍ മിലിറ്ററി നമ്മെ സംരക്ഷിക്കുന്നത്. അവരെ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ട് – റാത്തോഡ് പറഞ്ഞു.

 

Also Read: സന്യാസികളാണ് രാജ്യത്ത് പുരോഗതി കൊണ്ടുവന്നത്; ഫത്‌വകള്‍ക്ക് രാജ്യത്തെ മുന്നോട്ടു നയിക്കാനാവില്ലെന്നും യോഗി ആദിത്യനാഥ്

 

“പുതിയ ഇന്ത്യയുടെ മുഖമാണിത്. സ്വയം രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ രാജ്യം തയ്യാറാണ്.” റാത്തോഡ് ചടങ്ങില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു. രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യയുടെ ധീരരായ സൈനികര്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പകരം വീട്ടി. ശത്രുപാളയത്തില്‍ കടന്നു കയറി അവരെ ആക്രമിച്ചു – മന്ത്രി കൂട്ടിച്ചേര്‍ത്തു.

2016 സെപ്തംബര്‍ 29നാണ് പാക്കധീന കാശ്മീരിലെ ഏഴിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഉറി സംഭവത്തിനുള്ള പ്രതികരണമായിരുന്നു ഇന്ത്യയുടെ സൈനിക നടപടി.