| Friday, 22nd March 2019, 10:43 am

ഭൗതിക പണമിടപാടില്‍ നോട്ടുനിരോധത്തിന് മുമ്പുള്ളതിനെക്കാള്‍ 19.1 ശതമാനം വര്‍ധനവ്; നോട്ടുനിരോധനം ക്യാഷ്‌ലെസ് എക്കണോമി സൃഷ്ടിക്കുമെന്ന വാദവും പൊളിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനം ഭൗതിക പണമിടപാട് കുറയ്ക്കുകയും രാജ്യത്ത് ഡിജിറ്റല്‍ സമ്പദ്ഘടന നടപ്പില്‍ വരുമെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു. രാജ്യത്തെ ഭൗതിക പണമിടപാട് എക്കാലത്തേതിലും വര്‍ധിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ആര്‍.ബി.ഐയില്‍ നിന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നോട്ടുനിരോധനത്തിന് മുമ്പുള്ളതിനെക്കാളും 19.14 ശതമാനം വര്‍ധനവാണ് ഭൗതിക പണമിടപാടില്‍ രാജ്യത്തുണ്ടായത്. നവംബര്‍ 4 2016ല്‍ 17.97 ലക്ഷം കോടി രൂപയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നതെങ്കില്‍ 2019 മാര്‍ച്ചില്‍ അത് 21.41 ലക്ഷം കോടി രൂപായി വര്‍ധിച്ചിരിക്കുകയാണ്.

നോട്ടു നിരോധനത്തിന് തൊട്ടു പിന്നാലെ രാജ്യത്തെ ഭൗതിക പണമിടപാടി ഗണ്യമായ കുറവ് സംഭവിച്ചിരുന്നു. 2018 ജനുവരിയില്‍ കേവലം 9 ലക്ഷം കോടി രൂപ മാത്രമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നുത്.

എന്നാല്‍ പിന്നീടങ്ങോട്ട് കറന്‍സിയുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചു. ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാറും ക്യാഷ്‌ലെസ് സൊസൈറ്റി എന്ന ആശയത്തെ പിന്തുണച്ച, സാമ്പത്തിക വിനിമയം ഡിജിറ്റല്‍ ആയി നടത്താന്‍ പ്രേരിപ്പിച്ചിരുന്നു.

പ്രചാരത്തിലിരിക്കുന്ന ഭൗതിക പണമിടപാട് കൂടുതലാണെന്നും, കള്ളപ്പണം വര്‍ധിച്ചെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് മോദി സര്‍ക്കാര്‍ 2016 നവംബര്‍ 7ന് രാജ്യത്ത് പ്രചാരത്തിലിരുന്ന 1000, 500 രൂപ മൂല്യം വരുന്ന നോട്ടുകള്‍ നിരോധിച്ചത്.

Also Read ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് ഭൗതിക പണമിടപാട് ഗണ്യമായ തോതില്‍ വര്‍ധിക്കുന്നതെന്നാണ് വിലയിരുത്തല്‍. എ.ടി.എം വഴിയുള്ള പണമിടപാടും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. 2017 ജനുവരിയില്‍ എ.ടി.എം വഴിയുള്ള പണമിടപാട് 200,468 കോടി ആയിരുന്നെങ്കില്‍ 2019 ജനുവരിയില്‍ അത് 316,808 കോടി രൂപയായി വര്‍ധിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more