| Saturday, 29th January 2022, 8:24 pm

ഈ കറ പോവാന്‍ വെറും മൂന്ന് വിരല്‍ തന്നെ ധാരാളം: കുര്യന്‍ മാളിയേക്കലിന്റെ ഷര്‍ട്ട് വെളുപ്പിക്കാന്‍ സര്‍ഫ് എക്‌സല്‍; വൈറലായി ട്രോള്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് ബ്രോ ഡാഡിയിലെ ലാലു അലക്സിന്റെ കുര്യന്‍ മാളിയേക്കല്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ടാമത് ചിത്രം എന്നൊരു പ്രത്യേകത കൂടിയുണ്ട് ബ്രോ ഡാഡിക്ക്.

എന്നാല്‍ ചിത്രത്തിലെ മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയുമെല്ലാം അഭിനയത്തിനെ കടത്തിവെട്ടിയിരിക്കുകയായാണ് ലാലു അലക്‌സിന്റെ കുര്യന്‍ മാളിയേക്കല്‍.

മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായാണ് മുഴുനീള വേഷത്തില്‍ ലാലു അലക്‌സ് എത്തിയത്.

താരത്തിന്റെ കഥാപാത്രത്തെ പ്രശംസിച്ച് നിരവധിപേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു സീനും സര്‍ഫ് എക്‌സലിന്റെ പരസ്യ ഡയലോഗും കോര്‍ത്തിണക്കിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചിത്രത്തില്‍ കനിഹയും ലാലു അലക്‌സുമുള്ള സീനാണ് വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയുടെ ഒരുഭാഗത്ത് പൃഥ്വിരാജിനേയും കാണാം.

ദേഹത്തും ഡ്രസ്സിലുമെല്ലാം കറ ആയതിനുശേഷം അത് കഴുകി കളയാന്‍ ലാലു അലക്‌സ് കഷ്ടപ്പെടുന്നതാണ് വീഡിയോയിലുള്ളത്. കറ കഴുകി കളയാന്‍ ശ്രമിക്കുന്ന ലാലു അലക്‌സിനോട് സര്‍ഫ് എക്‌സല്‍ ഉപയോഗിച്ച് പെട്ടെന്ന് കറ കഴുകികളയാമെന്ന് കനിഹ പറയുന്നുണ്ട്.

നിമിഷ നേരം കൊണ്ടാണ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്. അതേസമയം, പൃഥ്വിരാജിന്റെ സംവിധാനവും കഥയും കോമഡികളും സിനിമയില്‍ പാളിപ്പോയെന്ന ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഒരിടവേളക്ക് ശേഷം ലാലു അലക്സ് മുഴുനീള കഥാപാത്രമായി വന്ന് തിളങ്ങിയെന്നും മോഹന്‍ലാലിന്റെ കോമഡി ടച്ചുള്ള കഥാപാത്രം തരക്കേടില്ലാതെ വര്‍ക്കൗട്ട് ആയെന്നുമാണ് ചിത്രത്തെ പ്രശംസിക്കുന്നവര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Content Highlights: Surf Excel to whiten Kurian gardening shirt; Troll video goes viral

Latest Stories

We use cookies to give you the best possible experience. Learn more