| Saturday, 1st October 2022, 8:04 am

ഇത്രയും തീവ്രമായി ദേശീയത തുളുമ്പുന്ന എന്നെ ഇതുവരെ സിനിമയില്‍ കണ്ടിട്ടുണ്ടാവില്ല: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിബു ജേക്കബിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായ മേ ഹൂം മൂസ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വ്യത്യസ്തമായ ഭാവത്തിലും രൂപത്തിലുമാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. ദേശീയതയെ ഇത്രയും തീവ്രമായ അളവില്‍ ഉയര്‍ത്തി പിടിക്കുന്ന തന്നെ ഇതിന് മുമ്പ് സിനിമയില്‍ കണ്ടിട്ടില്ലെന്ന് പറയുകയാണ് ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി.

‘മേ ഹൂം മൂസയെ സംബന്ധിച്ച് എന്റെ അവകാശവാദവും അത് തന്നെയാണ്. മുഖത്ത് അല്ലെങ്കില്‍ ശരീരഭാഷയടക്കമുള്ള പേശിയനക്കത്തില്‍ ഇതുപോലൊരു വേഷത്തില്‍ എന്നെ കണ്ടിട്ടുണ്ടായിരിക്കില്ല. ഇതിന് ഏകദേശം സമാനമായ വേഷത്തില്‍ ചിലപ്പോള്‍ ദി സിറ്റിയില്‍ കണ്ടിട്ടുണ്ടാവും. അതുപോലെ താവളം എന്ന സിനിമയിലും കണ്ടിട്ടുണ്ടാവും.

പക്ഷേ ഇത്രയും തീവ്രമായി ദേശീയത തുളുമ്പുന്ന, ദേശീയതയുടെ മൂല്യം ഉയര്‍ത്തി പിടിച്ച് അതിന്റെ പാരമ്യതയില്‍ കൊണ്ടെത്തിക്കുന്ന തരത്തില്‍, കദനത്തില്‍ മുങ്ങിയ ഒരു ജീവിതം പേറുന്ന മനുഷ്യനായിട്ട്, ഇങ്ങനെ ഒരു രൂപത്തിലും ഭാവത്തിലും നിങ്ങള്‍ ഇതുവരെ എന്നെ സിനിമയില്‍ കണ്ടിട്ടുണ്ടാവില്ല. എനിക്ക് തോന്നുന്നു ജനകനൊക്കെ അതിന്റെ ടോട്ടലി ഡിഫറന്റ് വേര്‍ഷനാണ്.

2000ത്തില്‍ അല്ലെങ്കില്‍ 1998, 99 കാലത്ത് ഞാന്‍ സംസാരിക്കുന്നതില്‍ വളരെ ഡിഗ്നിഫൈഡായിരുന്നു. ഈ സിനിമയില്‍ ഒരു പട്ടാളക്കാരന്റെ പേടിത്തൊണ്ടത്തരം കണ്ടിട്ട് ഡേയ് നീ ദ്രാവിഡന്‍ താനേ, ദ്രാവിഡന്‍ ന്നാ വീരന്‍ ഡാ, ഉന്നെയെല്ലാം പൊയ്, ദണ്ടച്ചോറ് എന്ന് ഞാന്‍ പറയുന്നുണ്ട്. ഇതില്‍ നിന്നും 18 വര്‍ഷം കഴിഞ്ഞ് ബോര്‍ഡര്‍ കടന്ന് വരുന്ന അയാള്‍ വാ പൊളിച്ച് പോകുന്ന കണ്ടീഷനില്‍ എത്തുന്നുണ്ട്.

തറേലൊക്കെ തൊട്ടിട്ട് നെഞ്ചത്ത് വെച്ചിട്ട് മാഷാ അള്ളാ എന്ന് പറയുന്നുണ്ട്. നാട്ടില്‍ വന്ന് കഴിഞ്ഞിട്ട് അന്റെ മൂസക്കയാണ് എന്ന് പറയുന്നുണ്ട്. നീ പോയിട്ട് ജീവിക്കെടാ അന്റെ ചങ്ക് പറിച്ച് വെച്ചിരിക്കണോ ഞാന്‍ എന്നും ചോദിക്കുന്നുണ്ട്. അപ്പോള്‍ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അല്ല, 18 വര്‍ഷത്തെ ദുരന്ത ജീവിതം പേറിയതിന്റെ മനോഘടനയിലെ മാറ്റങ്ങള്‍ ഈ സഞ്ചാരത്തിലൂടെ, എന്റെ ഒരു കാലഘട്ടത്തിന്റെ മൂന്നോ നാലോ സ്‌റ്റേജിലൂടെ കാണിക്കുന്നുണ്ട്,’ സുരേഷ് ഗോപി പറഞ്ഞു.

ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, മിഥുന്‍ രമേശ്, ശരണ്‍, ശ്രിന്ദാ, ശശാങ്കന്‍ മയ്യനാട് എന്നിവരും പ്രധാന താരങ്ങളാണ്.

Content Highlight: Suressh Gopi says that he has never seen in a film who upholds nationalism to such an extreme extent

We use cookies to give you the best possible experience. Learn more