രാജഭരണകാലത്തുപോലും നടക്കാത്ത സംഭവം; അവാര്‍ഡ് ജേതാക്കളെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് സുരേഷ് കുമാര്‍
Kerala News
രാജഭരണകാലത്തുപോലും നടക്കാത്ത സംഭവം; അവാര്‍ഡ് ജേതാക്കളെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് സുരേഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 2:09 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്ത് വെച്ച് കൊടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാര്‍. അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും അപമാനിച്ചുവെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഗ്ലൗസ് ഇട്ട് മുഖ്യമന്ത്രിക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നുവെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

രാജഭരണകാലത്തുപോലും നടക്കാത്ത സംഭമാണ് ഇതെന്നും അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

‘സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു. അപമാനിതരായിട്ടും അത് തുറന്നു പറയാനുള്ള തന്റേടം ആര്‍ക്കുമില്ലാത്തത് കഷ്ടമാണ്.

218ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പത്തെണ്ണം രാഷ്ട്രപഥി രാംനാഥ് കോവിന്ദും ശേഷിച്ചത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരില്‍ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്ന് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെ പ്രധാന അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിനു തുല്യമായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല’, സുരേഷ് കുമാര്‍ പറയുന്നു.

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റു വാങ്ങാന്‍ സം്വിധായകന്‍ ഹരിഹരന്‍ എത്താതിരുന്നത് ഫലത്തില്‍ നന്നായെന്നും മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരനുവേണ്ടി അവാര്‍ഡ് എടുത്തതെന്നും സുരേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sureshkumar criticise state film award function