കീഴാറ്റൂരില്‍ കള്ളവോട്ട് നടന്നു, ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയില്‍ വ്യക്തം; ആരോപണവുമായി സുരേഷ് കീഴാറ്റൂര്‍
കണ്ണൂര്‍: കണ്ണൂരിലെ കീഴാറ്റൂരില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരാണ് ആരോപണം ഉന്നയിച്ചത്. കീഴാറ്റൂരില്‍ 60 കള്ളവോട്ട് ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കള്ളവോട്ട് വ്യക്തമാണെന്നും സുരേഷ് കീഴാറ്റൂര്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. 79.59 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം.പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 70.09 ശതമാനമാണ് ഇവിടുത്തെ ശതമാനം.
നേരത്തെ കണ്ണൂര്‍ തളിപറമ്പിലെ കുറ്റിയാട്ടൂര്‍ എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തിലെ വോട്ടിംഗ് യന്ത്രം നിലത്തു വീണ് പൊട്ടിയിരുന്നു. ഇവിടെ ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് വോട്ടിംഗ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചു.
കോഴിക്കോട് എടക്കാട് വോട്ടിംഗ് മെഷിനും വിവിപാറ്റും യുവാവ് അടിച്ചു തകര്‍ത്തിരുന്നു. എടക്കാട് സ്വദേശി പ്രമോദാണ് വോട്ടിംഗ് ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഇന്ന് 116 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11നും ഏപ്രില്‍ 18 നും നടന്ന ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് 91 ഉം 96 ഉം സീറ്റിലേക്കാണ് നടന്നത്.