സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയ കഥയൊരു ഉപരിപ്ലവമായ ബുദ്ധിജീവി തമാശപ്പടമാണ്
DISCOURSE
സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയ കഥയൊരു ഉപരിപ്ലവമായ ബുദ്ധിജീവി തമാശപ്പടമാണ്
പി. ജിംഷാര്‍
Monday, 27th May 2024, 4:17 pm
ആക്ഷേപഹാസ്യം ലാളിത്യത്തോടെ അവതരിപ്പിക്കുന്നില്ല എന്നതും ജാതീയതയുടെ സങ്കീര്‍ണതകളെ നാടകവും ജീവിതവും വര്‍ത്തമാനകാലവുമായും കൂട്ടിക്കെട്ടുന്നു എന്നതും ഈ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രത്തെ ഒരു ബുദ്ധിജീവി തമാശപ്പടമാക്കി മാറ്റുന്നു

പഞ്ചവടിപ്പാലം (കെ.ജി ജോര്‍ജ്ജ് ; 1984), സന്ദേശം (സത്യന്‍ അന്തിക്കാട് ; 1991) എന്നീ ചിത്രങ്ങളുടെ ശ്രേണിയിലുള്ളൊരു പൊളിറ്റിക്കല്‍ സറ്റയറാണ് സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയകഥ.

പഞ്ചവടിപ്പാലവും സന്ദേശവും ആഖ്യാനത്തില്‍ ലളിതവും ജനപ്രിയവുമാണ്. എന്നാല്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹൃദയാഹാരിയായ പ്രണയകഥ ആഖ്യാനത്താല്‍ സങ്കീര്‍ണവും ജനപ്രിയതയെ നിരാകരിക്കുന്നതുമായ ഉള്ളടക്കത്തെയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

Romantic Comedy, Satire, Spin off ഈ മൂന്ന് ആഖ്യാന തന്ത്രങ്ങളുടേയും സാധ്യതകളെ സര്‍ഗാത്മകമായി സന്നിവേശിപ്പിച്ച സിനിമയാണ് ഈ ഹൃദയാഹാരിയായ പ്രണയകഥ.

പ്രണയിക്കുന്നവര്‍ക്കിടയില്‍ ജാതി മൂന്നാമതൊരാളുടെ ഇടപെടലായി മുഴക്കം സ്രഷ്ടിക്കുന്നതും ഇന്ത്യന്‍ ജീവിതങ്ങളുടെ സങ്കീര്‍ണതയായ ജാതീയത അക്രമാസക്തമായി പ്രവര്‍ത്തിക്കുന്നതിനേയും വിമര്‍ശനാത്മകമായി ഈ ചിത്രം സമീപിക്കുന്നു. ജാതീയതയുടെ അടരുകളെ ഗ്രാമീണ ജീവിതത്തിന്റെ യാഥാര്‍ത്യങ്ങളോടും ഭ്രമാത്മകതകളോടും ക്രിയാത്മകമായി സംവദിക്കുന്നു.

മൂന്ന് വ്യത്യസ്ത കാലങ്ങളിലൂടെ നാടകമായും ജീവിതമായും കഥയായും സുരേശന്റെയും സുമലതയുടെയും ഇരുവരുടെയും ചുറ്റുമുള്ള മനുഷ്യരും കടന്നു പോകുന്നു. സ്ഥലവും കാലവും യാഥാര്‍ത്യവും ഭ്രമാത്മകതയും കഥയും കാര്യവും ഇങ്ങനെ ഇടകലര്‍ന്ന് പ്രേക്ഷകരിലേക്ക് കടന്നുവരുന്നതിനാല്‍ ലളിത യുക്തിയോടെ കാണേണ്ട സിനിമ അല്ല ‘സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയകഥ’യെന്ന് ഓരോ നിമിഷവും പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്തുന്നു.

ആക്ഷേപഹാസ്യം ലാളിത്യത്തോടെ അവതരിപ്പിക്കുന്നില്ല എന്നതും ജാതീയതയുടെ സങ്കീര്‍ണതകളെ നാടകവും ജീവിതവും വര്‍ത്തമാനകാലവുമായും കൂട്ടിക്കെട്ടുന്നു എന്നതും ഈ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രത്തെ ഒരു ബുദ്ധിജീവി തമാശപ്പടമാക്കി മാറ്റുന്നു.

വ്യത്യസ്തമായ കാലങ്ങള്‍, നാടകവും ജീവിതവും, കഥയും കാര്യവുമെല്ലാം സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയകഥയിലേക്ക് പകര്‍ത്തിവെക്കാന്‍ സബിന്‍ ഊരാളിക്കണ്ടിയുടെ ക്യാമറ വഹിച്ച പങ്ക് ചെറുതല്ല.

ഡോണ്‍ വിന്‍സെന്റ്

നാടകത്തിനായി സദാരാമ നാടകത്തിനായി കൊട്ടാരം ഒരുക്കിയ ആര്‍ട് ഡയറക്ടര്‍ കെ.കെ മുരളീധരന്‍ കയ്യടി അര്‍ഹിക്കുന്നു. ഇവര്‍ക്കൊപ്പം ചേര്‍ത്തു വെക്കേണ്ട പേരുകളാണ്, എഡിറ്റര്‍ ആകാശ് തോമസും മ്യൂസിക് ഡയറക്ടര്‍ ഡോണ്‍ വിന്‍സെന്റും.

ഏറെ പരീക്ഷണ സ്വഭാവമുള്ള ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമയുടെ സങ്കീര്‍ണതകളെ ലഘൂകരിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തും വിധമാണ്, ഈ സിനിമയുടെ എഡിറ്റിങ്ങും മ്യൂസികും നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളത്.

രാജേഷ് മാധവന്‍, ചിത്ര നായര്‍

സുധീഷ് കോഴിക്കോട്

രാജേഷ് മാധവന്‍, ചിത്ര നായര്‍, സുധീഷ് കോഴിക്കോട് എന്നിവരുടെ പ്രകടന മികവും സിനിമയുടെ ആസ്വാദനത്തെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങളാണ്. ജനപ്രിയ ചേരുവകളുടെ നിരാസത്തെ സംവിധായകന്‍ ഈ ചിത്രത്തില്‍ മറികടക്കുന്നത്, അഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും അസാദ്ധ്യമായ പ്രകടനത്താലാണ്.

മുഖ്യധാര സിനിമയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോളും സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയ കഥ ചങ്ങാത്തം കൂടുന്നത് സ്വതന്ത്ര സിനിമയുടെ ആഖ്യാനത്തോടാണ്.

വാസന്തി (2021), ചവിട്ട് (2022) (ഷിനോസ് റഹ്മാന്‍ & സജാസ് റഹ്മാന്‍) എന്നീ സിനിമകളിലൂടെ റഹ്മാന്‍ ബ്രദേഴ്സ് ആവിഷ്‌ക്കരിച്ച നാടകവും നാടും ഒന്നായി കഥാപാത്രങ്ങളുടെ ജീവിതം വ്യക്തികളുടെ സാമൂഹ്യ ജീവിതമായ പരിണമിക്കുന്ന സര്‍റിയലിസ്റ്റിക് ഭാവമാണ്, സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയ കഥയുടെ ഭാവുകത്വം നിര്‍ണയിക്കുന്നത്.

വാസന്തി എന്ന നാടകവും വാസന്തിയുടെ ജീവിതവും നാടകമായും സിനിമയായും വര്‍ത്തമാനകാല സാമൂഹ്യ ജീവിതവുമായി പരിണമിച്ചതിന് തുല്ല്യമായാണ് സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയകഥയും ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്.

വാസന്തി, ചവിട്ട്, ആട്ടം (ആനന്ദ് ഏകര്‍ഷി ; 2023) എന്നീ സിനിമകളുടെ തുടര്‍ച്ച പോലെ അനുഭവപ്പെടുന്ന പരീക്ഷണ ചിത്രമായി കൂടി സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയ കഥയെ കണക്കാക്കാം.

സുമലതയുമായി പ്രണയത്തിലാകാന്‍ സദാരാമ എന്ന നാടകം സംവിധാനം ചെയ്യാന്‍ മുന്നിട്ടിറങ്ങുന്ന സുരേഷനിലൂടെ പുലിജന്മം നാടകമാക്കാന്‍ മുന്നിട്ടിറങ്ങിയ പ്രകാശന്റെ നിഴല്‍ കാണാം. പുലിജന്മം (പ്രിയനന്ദനന്‍ ; 2006) സിനിമയുടെ സമകാലിക വായനയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയകഥ ആവിഷ്‌ക്കരിക്കുന്നത്.

ഈ രണ്ട് സിനിമകളും വടക്കെ മലബാറിലെ നാടക പാരമ്പര്യത്തേയും മിത്തുകളേയും കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തേയും വര്‍ത്തമാന കാലത്തേയും അടയാളപ്പെടുത്തുന്നു. K.P.A.Cയുടെ നാടക ചരിത്രത്തേയും നാടകത്തിലൂടെ ഈ നാട്ടില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ വേരോടിയതിനേയും തമസ്‌ക്കരിക്കുന്നു എന്നതൊഴിച്ചാല്‍ ആഖ്യാനത്തിലും ആവിഷ്‌ക്കാരത്തിലും പുലിജന്മത്തോട് ക്രിയാത്മകമായ കടപ്പാട് ഉണ്ട് ഈ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സിനിമയ്ക്ക്.

കമ്യൂണിസ്റ്റ് ആശയവും ആഴത്തിലുള്ള ചരിത്രബോധവും കീഴാള രാഷ്ട്രീയത്തിന്റെ ഉള്‍ക്കരുത്തും ചോര്‍ത്തി കളഞ്ഞ പുലിജന്മം സിനിമയുടെ അനുകരണമെന്ന് പറയാവുന്ന, ഉപരിപ്ലവമായ ആഖ്യാനമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയകഥ മുന്നോട്ട് വെക്കുന്നത്.

നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി തുടങ്ങി അനേകം നാടകങ്ങളിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നതും ബാലറ്റിലൂടെ അധികാരത്തിലെത്തിയതും നാടകത്തിന്റെ ശക്തിയെ നാട്ടില്‍ അടയാളപ്പെടുത്തിയതിന്റെ ചരിത്രമായി അവശേഷിക്കുമ്പോള്‍, നാടകമാണ് ഈ നാട്ടിലെ അതിജീവനത്തിനുള്ള മാര്‍ഗ്ഗമെന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്താനും മറവിയ്ക്ക് എതിരെ പ്രതികരിക്കാനും നിശബ്ദമായി ആഹ്വാനം ചെയ്യുന്നുണ്ട് സംവിധായകന്‍.

ഈ അര്‍ത്ഥത്തില്‍ കാലിക പ്രസക്തവും കണ്ടിരിക്കേണ്ടതുമായ സിനിമയാണ്, സുരേശന്റെയും സുമലതയുടെയും ഹൃദയാഹാരിയായ പ്രണയകഥ.

content highlights: sureshinteyum sumalathayudeyum hridayahariyaya pranayakadha is a superficial intellectual comedy!