കോമഡി, പ്രണയം, കുറച്ചധികം രാഷ്ട്രീയം; ഹൃദയഹാരിയായ ഒരു സിനിമ
Entertainment
കോമഡി, പ്രണയം, കുറച്ചധികം രാഷ്ട്രീയം; ഹൃദയഹാരിയായ ഒരു സിനിമ
നവ്‌നീത് എസ്.
Friday, 17th May 2024, 11:47 am

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് എന്ന തരത്തിൽ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ സുരേശൻ, സുമലത എന്നീ രണ്ടു കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ കിട്ടിയ സ്വീകാര്യതയാണ് ഇങ്ങനെയൊരു ചിത്രം ചെയ്യാൻ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെ പ്രേരിപ്പിച്ചത്.

സ്പിൻ ഓഫ് ആണെന്ന് പറഞ്ഞാലും ഇല്ലെങ്കിലും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമാണ് സുരേശന്റെയും സുമലതയുടെയും പ്രണയകഥ. ആകെ ഉള്ള കണക്ഷൻ കുഞ്ചാക്കോ ബോബന്റെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം ഒന്ന് രണ്ട് സീനിൽ വരുന്നു എന്നത് മാത്രമാണ്. പക്ഷെ ന്നാ താൻ കേസ് കൊടുമായി അവയ്ക്കും സീനുകൾക്കും ബന്ധവുമില്ല.

സത്യത്തിൽ ഈ ചിത്രം ചെയ്യാൻ മറ്റു രണ്ടു കഥാപാത്രങ്ങൾ ആണെങ്കിലും മതിയായിരുന്നു. കാരണം മൂന്ന് കാലഘട്ടത്തിലെ ഒരു കഥയെ ഒരു സമയം കാണിക്കുകയാണ് സംവിധായകൻ. തീർച്ചയായും മലയാളത്തിലെ ഒരു പരീക്ഷണ ചിത്രം തന്നെയാണ് സുസുവിന്റെ പ്രണയകഥ.

അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോസിറ്റീവും അതുപോലെ തന്നെ റിസ്കി ഫാക്ടറും. ഒരിക്കൽ സുമലതയോട് പ്രണയം തുറന്ന് പറയുന്ന സുരേശൻ നാട് വിട്ട് വീണ്ടും തിരിച്ചു വരുകയാണ്. പിന്നീട് ഇവർ ഒന്നിക്കുമോ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ പ്ലെയിനായ ഈ തീമിനെ കുറച്ച് കൺഫ്യൂസിങ് രീതിയിലാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അവതരിപ്പിക്കുന്നത്.

മൂന്നു കാലഘട്ടങ്ങൾക്ക് പകരം ഒരു സമയത്തെ കഥയാണെങ്കിലും ഈ ചിത്രം ചെയ്യാവുന്നതാണ്, എന്നാൽ എല്ലാകാലത്തും പ്രണയവും പ്രശ്നങ്ങളും ഒരുപോലെ തന്നെയാണെന്ന് കാണിക്കാനാവാം സംവിധായകൻ ഇങ്ങനെയൊരു സാഹസത്തിന് മുതിരുന്നത്.

ട്രെയിലർ ഇറങ്ങിയ സമയത്ത് ഇത് ടൈം ട്രാവൽ സിനിമായാണ് എന്നെല്ലാം ചിലർ കമന്റ്‌ ചെയ്തിരുന്നു. എന്നാൽ സമയത്തിനൊപ്പം സംവിധായകനാണ് സഞ്ചരിക്കുന്നത്. ഒരു സീൻ ഇപ്പോൾ സംഭവിക്കുന്നത് കാണിച്ചാൽ അതിന്റെ തുടർച്ച 1960 ലും അതിന്റെ ബാക്കി 2000ത്തിന്റെ തുടക്കത്തിലുമെല്ലാമാണ് സംവിധായകൻ കാണിക്കുന്നത്.

ഒരു സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ അവിടെ സിനിമ എത്രത്തോളം വിജയിച്ചു എന്നത് ചോദ്യമാണ്. ഈ രംഗം ഏത്‌ കാലമാണ് എന്ന് ആലോചിച്ച് വരുമ്പോഴേക്കും ദേ വരുന്നു അടുത്ത രംഗം. പിന്നെ അതിന്റെ ചിന്തയിലേക്ക് വീഴും. ചിത്രത്തിന്റെ സംഭാഷണങ്ങളിലും ഇതേ പ്രശ്നം കടന്നു വരുന്നുണ്ട്.

തുടക്കം മുതൽ ഒടുക്കം വരെ നാടകത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത് . കഥാപാത്രങ്ങൾ കാര്യമായി എന്തൊക്കെയോ പറയുന്നുണ്ട്. ചില സംഭാഷണങ്ങളുടെ അർത്ഥം കണ്ട് പിടിച്ച് വരുമ്പോഴേക്കും അടുത്ത സീൻ തുടങ്ങുന്നു.

ജി. എസ്. ടി, ഇ. ഡി, ഇന്ത്യൻ ഭരണഘടന എന്തിന് ഇസ്രഈൽ ഫലസ്തീൻ യുദ്ധം വരെ സുരേശന്റെയും സുമലതയുടെയും പ്രണയകഥയിലെ സംഭാഷണങ്ങളിൽ കടന്നു വരുന്നുണ്ട്. ഇംഗ്ലീഷ് ഡയലോഗുകൾ പറയുന്ന സ്ത്രീ കഥാപാത്രങ്ങൾ, ജാതി വാലിനെ കുറിച്ചുള്ള തമാശകൾ തുടങ്ങി പൊളിറ്റിക്കലി മറ്റൊരു രീതിയിൽ ചിത്രത്തെ അവതരിപ്പിക്കാനുള്ള ശ്രമം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ നടത്തുന്നുണ്ട്.

എന്നാൽ ചിലയിടങ്ങളിൽ അത് കണക്റ്റ് ആവാതെ പോവുന്നുണ്ട്. ഇടി കിട്ടിയ കാര്യം ഒരു കഥാപാത്രത്തോട് പറയുമ്പോൾ, സെൻട്രൽ ഗവണ്മെന്റിന്റെ ഇ.ഡിയല്ല എന്ന് മറ്റൊരു കഥാപാത്രത്തോട് പറയുന്നുണ്ട്. അത്തരത്തിൽ പറയുന്ന കാര്യങ്ങളെല്ലാം മൂന്നു കാലങ്ങളിലാണെങ്കിലും പ്രസക്തിയുള്ളതാണ് എന്ന തരത്തിലാണ് സിനിമ അവതരിപ്പിക്കുന്നത്.

എന്നാൽ സുരേശന്റെയും സുമലതയുടെയും പ്രണയം ഹൃദയഹാരിയാവുന്നതിൽ സിനിമ ചിലപ്പോഴെങ്കിലും പരാജയപ്പെടുന്നുണ്ട്. ‘ഞാൻ ഗന്ധർവ്വൻ’ സിനിമയുടെ ചില റഫറൻസുകൾ ഈ സിനിമയിലുണ്ട് . ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ കോമഡി സീനിൽ പ്ലേസ് ചെയ്യുന്ന ‘ ആയിരം കണ്ണുമായി ‘ എന്ന പാട്ടാണ് സിനിമയിൽ മറ്റൊരു പ്രധാന ഘടകമായി വരുന്നത്.

പക്ഷെ ന്നാ താൻ കേസ് കൊട് ചിത്രത്തിൽ വളരെ കുറച്ചുനേരം മാത്രം കാണിക്കുന്ന പ്രണയത്തിന്റെ ആ രസചരട് ഒരു മുഴുനീള ചിത്രത്തിലേക്ക് വരുമ്പോൾ നഷ്ടപ്പെടുകയാണ്. എന്നാൽ ഒരു സിനിമ എന്ന നിലയിൽ അവതരണ ശൈലി കൊണ്ട് തീർച്ചയായും കയ്യടി അർഹിക്കുന്ന ചിത്രം തന്നെയാണ് സുരേ‌ശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ.


എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലുള്ളത്. രാജേഷ് മാധവൻ, ചിത്ര നായർ, ശരണ്യ, സുധീഷ് തുടങ്ങി പ്രധാന വേഷത്തിൽ എത്തിയവരെല്ലാം നല്ല രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

എടുത്ത് പറയേണ്ട അടുത്ത കാര്യം ചിത്രത്തിന്റെ സംഗീതമാണ്. ചിത്രത്തെ പിടിച്ചു നിർത്തുന്നതിൽ ഡോൺ വിൻസെന്റിന്റെ പാട്ടുകളും ബി.ജി. എമ്മുകളും വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. മൂന്ന് കാലഘട്ടം കാണിക്കുന്നതിൽ ആർട്ട്‌ ഡിപ്പാർട്ട്മെന്റും മേക്കപ്പും വലിയ രീതിയിൽ സഹായിക്കുന്നുണ്ട്.

സബിൻ ഉരളികണ്ടിയുടെ ക്യാമറയും ആകാശ് തോമസിന്റെ എഡിറ്റിങ്ങും സിനിമയുടെ പ്രധാന പോസിറ്റീവിൽ ഒന്നാണ്. ഇത്തരത്തിൽ ടെക്നിക്കലി മികച്ചു നിൽക്കുമ്പോഴും ഇമോഷണലി കണക്ട് ആവുന്നതിൽ സിനിമ പരാജയപ്പെടുന്നുണ്ട്.

കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ ന്നാ താൻ കേസ് കൊടിൽ നിന്നൊരു സ്പിൻ ഓഫ്‌ ചെയ്യുമ്പോൾ ഇങ്ങനെയൊരു സിനിമ ഒരുക്കിയിട്ടുണ്ടെങ്കിൽ അത് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന് സിനിമയോടുള്ള പ്രണയമാണ് സൂചിപ്പിക്കുന്നത്. മുൻ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയ്ക്കും ഇതേ പരീക്ഷണ സ്വഭാവമുണ്ടായിരുന്നു.

മുൻ സിനിമകളിൽ വ്യത്യസ്ത അനുഭവമായി മാറുമ്പോഴും മലയാളത്തിലെ മികച്ച പരീക്ഷണ സിനിമകളിലൊന്നായി പറയാവുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.

 

Content Highlight: Sureshanteyum Sumalathayudeyum  Hridhayahariyaya Pranaya kadha Movie Analysis

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം