| Wednesday, 20th July 2022, 4:00 pm

തിയേറ്റര്‍ കളക്ഷനില്‍ നമ്പര്‍ വണ്‍ മമ്മൂട്ടി, ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പൃഥ്വിരാജും മുമ്പില്‍: സുരേഷ് ഷേണായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്റര്‍ കളക്ഷനില്‍ നിലവില്‍ മലയാളത്തില്‍ മുമ്പില്‍ നില്‍ക്കുന്ന താരം മമ്മൂട്ടി ആണെന്ന് ഷേണായി ഗ്രൂപ്പ് ഉടമ സുരേഷ് ഷേണായി. ജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊരു താരം പൃഥ്വിരാജ് ആണെന്നും മറ്റ് താരങ്ങള്‍ക്ക് അത് സാധിക്കാത്തത് ദുഖകരമാണെന്നും ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഷേണായി പറഞ്ഞു.

‘എം ആന്‍ഡ് എം (മോഹന്‍ലാലും മമ്മൂട്ടിയും) ആണ് ഇന്‍ഡസ്ട്രി ഭരിക്കുന്നതെങ്കിലും മമ്മൂട്ടിക്കാണ് ഇപ്പോള്‍ തിയേറ്റര്‍ കളക്ഷനില്‍ ടോപ്പ് പൊസിഷന്‍. അടുത്തിടെ മോഹന്‍ലാലിന്റെ സിനിമകള്‍ തിയേറ്ററിലെത്തുന്നത് കുറവാണ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഒ.ടി.ടിയിലാണ് വരുന്നത്. ജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊരു താരം പൃഥ്വിരാജാണ്. മറ്റ് താരങ്ങള്‍ക്കൊന്നും ജനങ്ങളെ ആകര്‍ഷിക്കാനാവുന്നില്ലെന്നത് അത്ര സുഖകരമായ കാര്യമല്ല,’ സുരേഷ് ഷേണായി പറഞ്ഞു.

‘ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞിന് വേണ്ടിയാണ് ഇപ്പോള്‍ ഞങ്ങളെല്ലാരും കാത്തിരിക്കുന്നത്. കുറെ ഒ.ടി.ടി റിലീസുകള്‍ക്ക് ശേഷം തിയേറ്ററിലെത്തുന്ന അദ്ദേഹത്തിന്റെ മലയാളം ചിത്രമാണ് മലയന്‍കുഞ്ഞ്. അവസാനം തിയേറ്ററിലെത്തിയ അദ്ദേഹത്തിന്റെ ട്രാന്‍സ് വലിയ ഹിറ്റായിരുന്നു.

ഇനി രണ്ട് മലയാള സിനിമകളാണ് തിയേറ്ററിലെത്തുന്നത്. മലയന്‍കുഞ്ഞും മഹാവീര്യറും. ആദ്യദിവസം മുതല്‍ നല്ല റിവ്യൂകള്‍ വരികയാണെങ്കില്‍ ഈ രണ്ട് സിനിമകളും നന്നായി പെര്‍ഫോം ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 21നാണ് നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍ റിലീസ് ചെയ്യുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജി മോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്. മഹേഷ് നാരായണന്‍ തിരക്കഥ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായിക രജിഷ വിജയനാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight: Suresh Shenoy, owner of Shenoy Group, said that Mammootty is currently the leading actor in Malayalam in theater collection

Latest Stories

We use cookies to give you the best possible experience. Learn more