നെതര്‍ലാന്റ്: ലോകകപ്പ് സെമി ഫൈനലിന്റെ പടിക്കലെത്തി നില്‍ക്കുന്ന ഇന്ത്യന്‍ വനിതാ ടീമിന് ആശംസകളുമായി സുരേഷ് റെയ്‌ന. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ റെയ്‌ന ഇപ്പോള്‍ നെതര്‍ലാന്റില്‍ അവധി ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. എന്നാലും വനിത ലോകകപ്പ് താന്‍ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടീമിന്റെ മികച്ച പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും റെയ്‌ന കൊടുക്കുന്നത് നായിക മിതാലി രാജിനാണ്. ഒരേസമയം യുവതാരങ്ങളെ നയിക്കുന്നതിലും സ്വയം നന്നായി പെര്‍ഫോം ചെയ്യുന്നതിലും മിതാലിയുടെ മിടുക്ക് വളരെയധികം പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നാണ് റെയ്‌ന പറയുന്നു.
പാകിസ്ഥാനെതിരായ ടീമിന്റെ പ്രകടനവും വളരെയധികം സ്‌പെഷ്യലായിരുന്നുവെന്ന് റെയ്‌ന പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ച വെച്ച 19 കാരിയായ ദീപ്തി ശര്‍മ്മയെ റെയ്‌ന എടുത്ത് പറഞ്ഞ് പ്രശംസിച്ചു. ദീപിതിയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും മിതാലിയുമൊത്ത് ദീപ്തി ബാറ്റു ചെയ്ത രീതി തന്നെ അവരുടെ കഴിവ് വ്യക്തമാക്കുന്നുണ്ടെന്ന് റെയ്‌ന അഭിപ്രായപ്പെട്ടു.
ദീപ്തിയുടെ ഷോട്ട് സെലക്ഷനും ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്ത് കളിക്കുന്ന രീതിയും മനോഹരമാണെന്നാണ് അദ്ദേഹം പറയുന്നത്. ദീപ്തി കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും റെയ്‌ന പറഞ്ഞു. അതേസമയം സ്പിന്നിനെതിരെ ദീപ്തിയുടെ കളി തന്നെ അത്ഭുതപ്പെടുത്തിയെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
” മിതാലിയും കൂട്ടരും ലോകകപ്പുയര്‍ത്തിയാല്‍ അതൊരു പുതുയുഗത്തിന്റെ തുടക്കമായിരിക്കും. പെണ്‍പടയ്ക്ക് എന്റെ എല്ലാ ആശംസകളും. ചദ് ദേ ഇന്ത്യ.” റെയ്‌ന പറയുന്നു.