| Tuesday, 10th September 2024, 7:40 pm

വിരമിച്ച ഇന്ത്യയുടെ പഴയ വെടിക്കെട്ട് വീരൻ വീണ്ടും ബാറ്റെടുക്കുന്നു; കോരിത്തരിച്ച് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരം സുരേഷ് റെയ്‌ന പുതിയ ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുന്നു. യു.എസ് മാസ്റ്റേഴ്‌സ് ടി-10 ലീഗിന്റെ രണ്ടാം സീസണില്‍ കളിക്കാനാണ് റെയ്‌ന തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. ഈ ടൂര്‍ണമെന്റിലെ പുതിയ ഫ്രാഞ്ചൈസിയായ ചിക്കാഗോ പ്ലെയേഴ്‌സിന് വേണ്ടിയായിരിക്കും റെയ്‌ന കളിക്കുക.

യു.എസ് മാസ്റ്റേഴ്‌സ് ടി-10 ലീഗില്‍ ചിക്കാഗോക്ക് വേണ്ടി കളിക്കാന്‍ പോവുന്നതിനെക്കുറിച്ച് സന്തോഷം റെയ്‌ന പങ്കുവെക്കുകയും ചെയ്തു.

‘ദി ചിക്കാഗോ പ്ലെയേഴ്‌സ് ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മാസ്റ്റേഴ്‌സ് ടി-10ല്‍ ഈ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കുന്നതിന് ഞാന്‍ വളരെ ആവേശഭരിതനാണ്. ടി-10 ഫോര്‍മാറ്റിന്റെ വേഗതയേറിയ സ്വഭാവം ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ട്. ആവേശഭരിതമായ ഈ ടൂര്‍ണമെന്റ് കളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ റെയ്‌ന പറഞ്ഞു.

യു.എസ് മാസ്റ്റേഴ്‌സ് ടി-10 ലീഗ് നവംബര്‍ രണ്ട് മുതല്‍ എട്ട് വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യു.എസിലെ ഹൂസ്റ്റണില്‍ വെച്ചായിരിക്കും ടൂര്‍ണമെന്റ് നടക്കുക.

2022ല്‍ ആയിരുന്നു റെയ്‌ന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ 2005ല്‍ അരങ്ങേറ്റം കുറിച്ച റെയ്‌ന അവിസ്മരണീയമായ ഒരു കരിയറാണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. ഇന്ത്യക്കായി 226 ഏകദിന മത്സരങ്ങളില്‍ നിന്നും 5615 റണ്‍സാണ് റെയ്‌ന നേടിയത്. അഞ്ച് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളുമാണ് താരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.

ടി-20യില്‍ 78 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും ഉള്‍പ്പെടെ 1605 റണ്‍സും താരം നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ 2010 മുതല്‍ 2015 വരെ ഇന്ത്യക്കായി കളിച്ച റെയ്‌ന 18 മത്സരങ്ങളില്‍ നിന്നും 31 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 768 റണ്‍സും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് റെയ്‌ന. ഐ.പി.എല്ലില്‍ 205 മത്സരങ്ങളില്‍ നിന്നും 5528 റണ്‍സും റെയ്‌ന നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 39 ഫിഫ്റ്റിയുമാണ് താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേടിയിട്ടുള്ളത്.

Content Highlight: Suresh Raina will play U.S T-10  League 2024

We use cookies to give you the best possible experience. Learn more