| Monday, 20th January 2025, 5:36 pm

ചാമ്പ്യന്‍സ് ട്രോഫിയില്‍ അവന്‍ ഉത്തരവാദിത്തത്തോടെ കളിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു.

ഇപ്പോള്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. പന്ത് വിക്കറ്റ് കീപ്പിങ്ങില്‍ മെച്ചപ്പെട്ടെന്നും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണ് പന്തിനെന്നും മുന്‍ താരം പറഞ്ഞു.

‘റിഷബ് പന്ത് തന്റെ വിക്കറ്റ് കീപ്പിങ്ങില്‍ വളരെയധികം മെച്ചപ്പെട്ടു, അവന്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിക്കേണ്ടതുണ്ട്, കാരണം ഇതൊരു 50 ഓവര്‍ ടൂര്‍ണമെന്റാണ്. ഇംഗ്ലണ്ടുമായുള്ള വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിങ്ങള്‍ക്ക് 5 ടി-20കളും 3 ഏകദിനങ്ങളും ലഭിക്കും, ഇത് നിര്‍ണായകമാണ്. റിഷബ് പന്തിന് നല്ല അവസരമാണ് ഉള്ളത്, എന്നാല്‍ അത് നിങ്ങള്‍ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

യശസ്വി ടോപ്പ് ഓര്‍ഡറില്‍ കളിച്ചില്ലെങ്കില്‍ റിഷബ് പന്തിന് വളരെ പ്രധാനപ്പെട്ട റോളുണ്ടാകും, നാലാം സ്ഥാനത്ത് ഹാര്‍ദിക്കിന് മുമ്പ് ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും, കാരണം റിഷബ് 40-50 പന്തുകള്‍ കളിക്കുകയാണെങ്കില്‍ അവന് ഫിനിഷറാകാം,’ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഒരു റിലീസില്‍ റെയ്ന പറഞ്ഞു.

2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലില്‍ വിജയിച്ചതും കിരീടം സ്വന്തമാക്കിയതും. കഴിഞ്ഞ തവണ നഷ്ടമായ കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ് (ഏകദിനം)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

മത്സരങ്ങള്‍

ആദ്യ മത്സരം: ഫെബ്രുവരി 6 – വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

രണ്ടാം മത്സരം: ഫെബ്രുവരി 9- ബരാബതി സ്റ്റേഡിയം, ഒഡീഷ

അവസാന മത്സരം: ഫെബ്രുവരി 12 – നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

Content Highlight: Suresh Raina Warns Rishabh Pant

We use cookies to give you the best possible experience. Learn more