| Saturday, 29th August 2020, 6:31 pm

അര്‍ധരാത്രി വീടുകയറി ആക്രമണം; സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു, അമ്മായി ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റൈ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു. അജ്ഞാതസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ റെയ്‌നയുടെ അച്ഛന്റെ സഹോദരിയും കുടുംബവും ചികിത്സയില്‍ കഴിയുകയായിരുന്നു.

ഓഗസ്റ്റ് 19-ന് അര്‍ധരാത്രി ഇവരുടെ വീട് ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ റെയ്‌നയുടെ അമ്മായി ആശാ ദേവിയേയും ഭര്‍ത്താവ് അശോക് കുമാറിനേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയില്‍വച്ച് 58-കാരനായ അശോക് കുമാര്‍ മരിച്ചുവെന്നും ഇതിനാലാണ് റെയ്‌ന ഐ.പി.എല്ലില്‍ നിന്ന് പിന്‍മാറിയതെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബിലെ പത്താന്‍കോട്ടിലെ തരിയല്‍ ഗ്രാമത്തിലാണ് റെയ്‌നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ആശാ ദേവി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അര്‍ധരാത്രി ഉറക്കത്തിലായിരുന്ന അശോക് കുമാറിനേയും കുടുംബത്തേയും മാരകമായ ആയുധങ്ങള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഇവരുടെ മക്കളായ 32-കാരനായ കൗശല്‍ കുമാറിനും 24-കാരനായ അപിന്‍ കുമാറിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ 80-കാരിയായ അമ്മയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suresh Raina IPL 2020

We use cookies to give you the best possible experience. Learn more