ഐ.പി.എല്ലിന്റെ ചുവടുപിടിച്ച് പല ടി-20 ലീഗുകളും പിറവിയെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍), ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബി.പി.എല്‍), ലങ്ക പ്രീമിയര്‍ ലീഗ് (എല്‍.പി.എല്‍) എന്നിവ ഇതില്‍ ചിലതുമാത്രമാണ്.
ഐ.പി.എല്ലിനും പി.എസ്.എല്ലിനും ശേഷം ഏറ്റവുമധികം ആരാധകപ്രീതിയുള്ള ഫ്രാഞ്ചൈസി ലീഗാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റ എല്‍.പി.എല്‍. 2020ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ നാലാം എഡിഷനാണ് ഇപ്പോള്‍ കളമൊരുങ്ങുന്നത്.
സ്വതവേ ലങ്ക പ്രീമിയര്‍ ലീഗിന് ഇന്ത്യയില്‍ ആരാധകര്‍ കുറവാണ്. എന്നാല്‍ ഈ സീസണോടെ അതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന എല്‍.പി.എല്ലിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലങ്ക പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ സുരേഷ് റെയ്‌നയും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50,000 ഡോളര്‍ എന്ന അടിസ്ഥാന വിലയിലാണ് റെയ്‌ന ഓക്ഷന്‍ പൂളിലേക്കിറങ്ങുന്നത്.
2022ലാണ് റെയ്‌ന ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിനോടും വിടപറയുന്നത്. ഐ.പി.എല്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ റെയ്‌ന അബുദാബി ടി-10 ലീഗിന്റെയും ഭാഗമായിട്ടുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനൊപ്പമായിരുന്നു റെയ്‌നയുടെ ടി-10 യാത്ര. എന്നാല്‍ ടൂര്‍ണമെന്റില്‍ കാര്യമായ പ്രകടനങ്ങളൊന്നും റെയ്‌നയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. 36 റണ്‍സാണ് സീസണില്‍ റെയ്‌ന നേടിയത്.
ഇതിന് പുറമെ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലും റെയ്‌ന കളിച്ചിട്ടുണ്ട്.
എല്‍.പി.എല്ലിന്റെ നാലാം സീസണില്‍ ഇതാദ്യമായി ഐ.പി.എല്‍ സ്റ്റൈല്‍ താരലേലത്തിനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത്. ഇതിനോടകം 140 ഓവര്‍സീസ് താരങ്ങള്‍ ഉള്‍പ്പെടെ 500 താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അഞ്ച് ടീമുകളാണ് എല്‍.പി.എല്ലില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ഏതെങ്കിലും ഒരു ടീം റെയ്‌നയെ സ്വന്തമാക്കിയാല്‍ എല്‍.പി.എല്‍ കളിക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമാകാനും റെയ്‌നക്ക് സാധിക്കും. 2020ലെ ഉദ്ഘാടന സീസണില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറായ ഇര്‍ഫാന്‍ പത്താന്‍ എല്‍.പി.എല്ലിന്റെ ഭാഗമായിരുന്നു. കാന്‍ഡി ടസ്‌കേഴ്‌സിന് വേണ്ടിയാണ് പത്താന്‍ മരതക ദ്വീപില്‍ കളിച്ചത്.
പാക് നായകന്‍ ബാബര്‍ അസം, പ്രോട്ടീസിന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ഡേവിഡ് മില്ലര്‍ തുടങ്ങിയ വമ്പന്‍ പേരുകാര്‍ ഇതിനോടകം തന്നെ എല്‍.പി.എല്‍ 2023ന്റെ ഭാഗമായിട്ടുണ്ട്.
എല്‍.പി.എല്‍ 2023 ലെ ടീമുകളും അവര്‍ പ്രീ സെലക്ട് ചെയ്ത താരങ്ങളും
കൊളംബോ സ്‌ട്രൈക്കേഴ്‌സ് (Colombo Strikers): ബാബര്‍ അസം, മതീശ പതിരാന, നസീം ഷാ. ചമീക കരുണരത്‌നെ.
ദാംബുള്ള ഓറ (Dambulla Aura): മാത്യൂ വേഡ്, കുശാല്‍ മെന്‍ഡിസ്, ലുങ്കി എന്‍ഗിഡി, അവിഷ്‌ക ഫെര്‍ണാണ്ടോ.
ജാഫ്‌ന കിങ്‌സ് (Jafna Kings): ഡേവിഡ് മില്ലര്‍, തിസര പെരേര, റഹ്‌മാനുള്ള ഗുര്‍ബാസ്, മഹീഷ് തീക്ഷണ.
കാന്‍ഡി ഫാല്‍ക്കണ്‍സ് (Kandy Falcons): മുജീബ് ഉര്‍ റഹ്‌മാന്‍, വാനിന്ദു ഹസരങ്ക, ഫഖര്‍ സമാന്‍, ഏയ്ഞ്ചലോ മാത്യൂസ്.
ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ് (Galle Gladiators): ഷാകിബ് അല്‍ ഹസന്‍, ദാസുന്‍ ഷണഖ, തബ്രിയാസ് ഷംസി, ഭാനുക രാജപകസെ.
ജുലൈ 31നാണ് എല്‍.പി.എല്ലിന്റെ നാലാം സീസണ് തുടക്കമാകുന്നത്. ആഗസ്റ്റ് 22നാണ് കലാശപ്പോരാട്ടം. ഡബിള്‍ റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരം അരങ്ങേറുന്നത്.
ടൂര്‍ണമെന്റ് ആരംഭിച്ച 2020 മുതല്‍ മൂന്ന് തവണയും ജാഫ്‌ന കിങ്‌സാണ് കിരീടം ചൂടിയത്. ജാഫ്‌നയുടെ ഈ മേധാവിത്വം അവസാനിപ്പിക്കാനാണ് മറ്റ് ടീമുകള്‍ ഒരുങ്ങുന്നത്.
Content Highlight: Suresh Raina to play LPL